Tuesday, September 28, 2010

ലോട്ടറി ടിക്കറ്റ്

അവ്യക്തമായ ഭാഷയില്‍ ആരോ സ്വയം ഉറക്കെ സംസാരിക്കുന്നത് കേട്ട് മുഖം തിരിച്ചു നോക്കിയപ്പോഴാണ്, ബസിന്റെ സൈഡ് സീറ്റിലിരുന്നു യാത്ര ചെയ്യുന്ന അയാളെ ഞാന്‍ കാണുന്നത്.

പോളിയോ ബാധിച്ച മാതിരിയുള്ള അയാളുടെ വികലമായ കൈകളാണ് ആദ്യം എന്റെ ശ്രദ്ധയില്‍ പെട്ടത്.

മെലിഞ്ഞതും ശോഷിച്ചതുമായ ആ കൈകളിലെ ചലന സ്വാതത്ര്യം നഷ്ടപ്പെട്ട വിരൂപങ്ങളായ വിരലുകള്‍ ബയോളജി ലാബില്‍ ഫോര്‍മാലിനില്‍ ഇട്ട് സൂക്ഷിച്ചിട്ടുള്ള, കാലപ്പഴക്കം ചെന്ന മനുഷ്യ ശവശരീരത്തിന്റെ സ്മരണകള്‍ ഉണര്ത്തുന്നവയായിരുന്നു.


എങ്ങനെയോ അകത്തേക്ക് മടക്കിയ വലം കയ്യിലെ തള്ളവിരല്‍ കൊണ്ട് , താഴെ പോകാത്ത വിധത്തില്‍ , ചുളുക്കം വീണ ഏതാനും ലോട്ടറി ടിക്കറ്റുകള്‍ അയാള്‍ ഉള്ളം കയ്യില്‍ പിടിച്ചിരിക്കുന്നത് കാണാമായിരുന്നു. അല്പം കൂടി ശ്രദ്ധിച്ചിരുന്നപ്പോള്‍ വ്യക്തത കുറഞ്ഞ അയാളുടെ സംസാരം ഏതാണ്ടൊക്കെ എനിക്ക് മനസ്സിലാക്കാനായി.


"മേസ്ത്തിരിക്കും ആശാരിക്കും കൂലി അഞ്ഞൂറ് രൂപ . വെറും കൂലിപ്പണിക്കാരന് പോലും നാനൂറു രൂപ കിട്ടും. എനിക്കങ്ങനെയുള്ള എന്തെങ്കിലും ജോലി ചെയ്യാന്‍ പറ്റുമോ.....? പറ്റുമോ......? ഞാനും ജീവിക്കണ്ടേ...? "


ശരിയാണ് വികലാംഗനായ അയാള്‍, ശാരീരികമായ അദ്ധ്വാനം ആവശ്യമായ ജോലികള്‍ എങ്ങനെ ചെയ്യാനാണ്?

പക്ഷെ അതുകൊണ്ടെന്താ? ജീവിക്കാനുള്ള വക ലോട്ടറി വിറ്റ് അയാള്‍ ഉണ്ടാക്കുന്നില്ലേ? പിന്നെന്തിനാണ് വല്ലോനും കിട്ടുന്നതിനെ കുറിച്ച് ഇങ്ങനെ പുലമ്പുന്നത്?


"ജീവിക്കാന്‍ ഒരു ദിവസം ഒരു നേരമെങ്കിലും ആഹാരം കഴിക്കണ്ടേ? ഒരു നേരത്തെ ശാപ്പാടിനുള്ള വക എങ്ങനേലും ഉണ്ടാക്കണ്ടേ? "

അത് ശരി, ഇപ്പോഴാണ് കാര്യം പിടി കിട്ടിയത്.

സര്‍ക്കാരിന്റെ ലോട്ടറി നയം തന്നെയാണ് അയാളുടെ ദുഖഹേതു.
ഒരാഴ്ചത്തെ നറുക്കെടുപ്പ് സര്‍ക്കാര്‍ നീട്ടി വച്ചിരിക്കുന്നു...
ലോട്ടറി നിരോധനത്തെക്കുറിച്ചും സര്‍ക്കാര്‍ കാര്യമായി ആലോചിക്കുന്നുവത്രേ!


ആരും ഒന്നും ശ്രദ്ധിക്കുന്നില്ലെങ്കിലും അയാള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു...

പിച്ച തെണ്ടുന്നതിനു പകരമായി, അഭിമാനത്തോടെ ജീവിക്കാനുള്ള അവസാനത്തെ ആശ്രയം ഇല്ലാതാകാന്‍ പോകുന്നു എന്നറിയുമ്പോഴുള്ള ഒരുവന്റെ ആത്മ സംഘര്‍ഷങ്ങളുടെ നെടുവീര്‍പ്പെടലുകളാണീ പുലമ്പലുകള്‍.

പണ്ടേ ഇരുള്‍ മൂടിയ ജീവിതം.
തപ്പി തടഞ്ഞ് എങ്ങനെയോ മുന്നോട്ട് നടക്കുന്നതിനിടയില്‍ ആരോ കാലുകളില്‍ കൂച്ച് വിലങ്ങു കൂടി ഇടാന്‍ പോകുന്നു എന്നറിയുമ്പോഴത്തെ ഞെട്ടലാവാം.

അതുമല്ലെങ്കില്‍ ജീവിതവും മരണവും ഒരു ചോദ്യ ചിഹ്നം മാതിരി മുന്നിലേക്ക്‌ കടന്നു വരുന്ന നിമിഷങ്ങളിലെ ഭ്രാന്തന്‍ ചിന്തകളാകാം അയാളെക്കൊണ്ട് പിച്ചും പേയും പറയിക്കുന്നത്.

കൊച്ചു കുട്ടികള്‍ മയില്‍ പീലിത്തുണ്ടുകള്‍ കാത്തു രക്ഷിക്കുന്നത് പോലെ അയാള്‍ തന്റെ വലം കയ്യില്‍ എപ്പോഴും സൂക്ഷിച്ചിരിക്കുന്ന ആ ലോട്ടറി ടിക്കറ്റുകള്‍ തനിക്ക് ഒരു നേരമെങ്കിലും അന്നം തരുമെന്നും, എന്നെങ്കിലും ഒരിക്കല്‍ അവ തന്റെ കൈകളില്‍ ഭാഗ്യം കൊണ്ടെത്തിക്കുമെന്നും അയാള്‍ വിശ്വസിക്കുന്നു.
ആ വിശ്വാസമാണ് തകരാന്‍ പോകുന്നത്..

ഒരമ്മ തന്റെ കുഞ്ഞിനെ ഭദ്രമായി മാറോടണച്ച് സൂക്ഷിക്കുന്നത് പോലെ, ആ ലോട്ടറി ടിക്കറ്റുകള്‍, ഉറങ്ങുമ്പോള്‍ പോലും അയാളുടെ കൈകളില്‍ സുരക്ഷിതമായി ഉണ്ടാകുമെന്ന് തോന്നിപ്പോകുന്നു.

ഞാന്‍ ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ അയാള്‍ കൂടുതല്‍ ഉന്മേഷവാനായി.
"അല്ല, സാറ് പറ ഞാന്‍ ഒരു നേരമെങ്കിലും ആഹാരം കഴിക്കണ്ടേ..?"

എനിക്കയാളോട് സഹതാപം തോന്നി.
ഒരു ഭാഗ്യക്കുറി ടിക്കറ്റ് ഞാന്‍ അയാളില്‍ നിന്നും വാങ്ങി.
എനിക്കാഗ്രഹമുള്ളത് കൊണ്ടോ അങ്ങനൊരു ശീലമുള്ളത് കൊണ്ടോ ഒന്നുമല്ല ഞാനീ ടിക്കറ്റ് നിന്റെ കയ്യില്‍ നിന്ന് വാങ്ങിയത്.
പകരം നിന്നോടുള്ള സഹതാപം ഒന്ന് കൊണ്ട് മാത്രം.
ഇത്രയും നേരം നീ വായിട്ടടച്ചതല്ലേ? അത് കൊണ്ട് അല്പം മനസ്സാക്ഷിത്വം കാണിച്ചു എന്ന് മാത്രം.

എനിക്കിറങ്ങാനുള്ള സ്ഥലമായിരുന്നു.
ബസില്‍ നിന്നിറങ്ങി, ഞാന്‍ മെല്ലെ രാജധാനി ബാറിനെ ലക്ഷ്യമാക്കി നടന്നു.
ദാ, അതിന്റെ വാതില്‍ക്കലും നില്‍ക്കുന്നു ഒന്ന് രണ്ട് പേര്‍, ഭാഗ്യക്കുറികളുമായി.
മദ്യപിച്ചിറങ്ങുന്ന ആരെങ്കിലും ഒരാള്‍ ഒരു ടിക്കറ്റ് എടുക്കും എന്ന പ്രതീക്ഷയില്‍ അവര്‍ കാത്തിരിക്കുകയാണ്...
ഭാഗ്യത്തിന്റെ വരവും നോക്കി...

ബാറില്‍ കയറി, ഞാന്‍ ഒരു ബിയറിനു ഓര്‍ഡര്‍ നല്‍കി.
ബസില്‍ വച്ച് കണ്ട ലോട്ടറി വില്‍പ്പനക്കാരന്റെ മുഖം പിന്നെയും മനസ്സില്‍ തെളിഞ്ഞു.

നിന്നെപ്പോലുള്ള പലരെയും എനിക്ക് പരിചയമുണ്ട്.
പണ്ട് എന്റെ ഗ്രാമത്തില്‍ ഒരു കണ്ണ് പൊട്ടനുണ്ടായിരുന്നു. അയാളുടെയും തൊഴിലിതായിരുന്നു; ലോട്ടറി വില്‍പ്പന.
കണ്ണ് കാണാത്ത അയാള്‍ എങ്ങനാണ് മറ്റുള്ളവര്‍ തരുന്ന നാണയ തുട്ടുകളും നോട്ടുകളും തിരിച്ചറിയുക എന്നോര്‍ത്ത് ചെറുപ്പത്തില്‍ ഞാന്‍ അതിശയപ്പെട്ടിട്ടുണ്ട്.

അത് പോലെ പണ്ടൊരിക്കല്‍ വെളുപ്പിന് മൂന്ന് മണിയോടടുത്ത്, ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്ഡില്‍ ഒരു ദൂരെ യാത്രക്കായി ബസ് കാത്തു നില്‍ക്കവേ ഒരാള്‍ ലോട്ടറി വില്‍ക്കാന്‍ നടക്കുന്നത് കണ്ടിരുന്നു.
നാടും നാട്ടാരും ഉറങ്ങുന്ന ഈ പാതിരാ വെളുപ്പിന് ആര് ഭാഗ്യക്കുറി വാങ്ങാനാണ്?

പകലന്തിയോളം മറ്റെന്തെങ്കിലും ജോലി; രാത്രിയില്‍ ലോട്ടറി വില്‍പ്പന; വെളുപ്പിനെ പത്രമിടീല്‍; ചിലര്‍ ഇങ്ങനെയാണ്; ഉറങ്ങാറേ ഇല്ല.

കുടുംബം പോറ്റാനായി എത്രയോ സ്ത്രീകളാണ് ലോട്ടറി വില്‍ക്കുന്നത്.

അല്ല; സത്യത്തില്‍ ഞാനെന്തിനാണ് ഇതെല്ലാം ആലോചിച്ച് തല പുണ്ണാക്കുന്നത്?
എന്റെ രസങ്ങള്‍ , സന്തോഷങ്ങള്‍ തല്ലിക്കെടുത്തുവാന്‍ മാത്രമല്ലേ നിങ്ങള്‍ക്കാകൂ..

നിങ്ങളെയൊക്കെ ഒരു നിമിഷം ഓര്‍ക്കുന്നു എന്നത് തന്നെ ഞാന്‍ നിങ്ങള്‍ക്ക് ചെയ്യുന്ന വലിയ ഔദാര്യമാണ്‌.
നിനക്ക് വേണ്ടി ഒരിറ്റു കള്ളക്കണ്ണുനീര്‍ ഒഴുക്കുവാനല്ലാതെ എനിക്കെന്ത് ചെയ്യുവാനാകും?

വേണമെങ്കില്‍ എയര്‍ കണ്ടീഷന്‍ഡ് ഓഫീസ് മുറികളിലും ഇന്റെര്‍നെറ്റിലെ സൌഹൃദ കൂട്ടായ്മകളിലും ഞങ്ങള്‍ നിങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കാം. അത്തരം ഓരോ ചര്‍ച്ചയുടെയും ചൂട് പോലും തീരുന്നതിനും മുന്‍പേ ഞങ്ങള്‍ നിങ്ങളെ മറക്കുകയും ചെയ്യും.

പിന്നെയും നീയെന്തിനാണ്‌ ഒരു രസം കൊല്ലിയായി എന്റെ ചിന്തകളില്‍ വിഹരിക്കുന്നത്?
എന്റെ നല്ല മൂഡ് കളഞ്ഞിട്ടു നിനക്കെന്തിന്റെ കേടാണ്?
നിനക്കായി ചിലവാക്കുവാന്‍ ഇനി ഒരു നിമിഷം പോലും എനിക്കില്ല.
ഞാന്‍ തിരക്കിലാണ്...

ഇന്റെര്‍നെറ്റിലെ എത്രയോ വെബ്സൈറ്റുകളില്‍, ഒളി ക്യാമറകള്‍ പകര്‍ത്തിയ ചൂടന്‍ കിടപ്പറ രംഗങ്ങള്‍ എനിക്കായി കാത്തിരിക്കുന്നു..

സൌഹൃദ വലയിലെ അനേകം ചാറ്റ് റൂമുകളില്‍ എന്റെ വരവും കാത്ത് എത്രയോ സുന്ദരികള്‍ ഉറക്കമൊഴിച്ചിരിക്കുന്നു...

വൃത്തികെട്ടവനെ, നിന്നെക്കുറിച്ചു ഓര്‍ത്തിരുന്നത് കാരണം എന്റെ ഗ്ലാസ്സിലോഴിച്ച ബിയറിന്റെ തണുപ്പ് തീര്‍ത്തും ഇല്ലാണ്ടായിരിക്കുന്നു.

"ഹേ...മഹാപരാധീ കടന്നു പോകൂ എന്റെ മുന്നില്‍ നിന്ന്... പോകൂ.. എവിടേലും പോയി തുലയാന്‍.. "

32 comments:

  1. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി മനുഷ്യന്‍ എത്രമാത്രം കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നു. സുഖലോലുപതയുടെ നടുവില്‍ കഴിയുന്ന നമ്മള്‍ അവരെ കുറിച്ച് ഒരു നിമിഷം പോലും ഓര്‍ക്കാന്‍ മിനക്കെടാറില്ല. മഹേഷിന്റെ പോസ്റ്റ് എന്റെ മനസ്സിനെ അസ്വസ്ഥമാക്കി.

    സഹജീവികളുടെ ദുഃഖം മന്‍സ്സിലാക്കാനും അതിനു അല്‍പ്പമെങ്കിലും കുറവു വരുത്താന്‍ ശ്രമം നടത്താനും ഈ പോസ്റ്റ് കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചെങ്കില്‍ എന്നാശിക്കുന്നു.

    ReplyDelete
  2. ദൈന്യത അനുഭവിക്കുന്ന മുഖങ്ങളെ നന്നായി അവതരിപ്പിച്ചു.
    അവര്‍ക്ക് നേരെ കണ്ണടക്കുന്ന സമൂഹങ്ങളെയും.

    ReplyDelete
  3. കണ്ണ് തുറന്നു നേരെ നോക്കിയാല്‍ വളരെ ദയനിയ മുഖങ്ങള്‍ കാണാം നമ്മുടെ ചുറ്റും. പക്ഷേ കണ്ണ് തുറന്നു നോക്കുന്നില്ല എന്നതാണ് നമ്മുടെ ദുര്‍ഗതി. അതാണ്‌ നമ്മുടെ അതോഗതിയും .

    ReplyDelete
  4. അതേ സമൂഹത്തിനു നേരെ കണ്ണടച്ചിരിക്കുന്ന ഭൂരിപക്ഷത്തില്‍ നമ്മളും. സഹതപിക്കുക.

    ReplyDelete
  5. അതേയ് ജീവിതത്തില്‍ നമ്മള്‍ ഓരോരുത്തരും കടന്നു പോകാറുള്ള ഫീലിങ്ങ്സ്‌ അന്ന് കഥയില്‍ ചിത്രീകരിചിട്ടുളത് നന്നായി എഴുതിയിട്ടുണ്ട് . ക്രിയയെ വെല്ലുന്ന നിഷ്ക്രിയതം , സൌഹൃതതേ വെല്ലുന സ്വാര്‍ത്ഥ ചിന്ത ഏതാന്നു എനിക്കും പിടിപെട്ടുട്ടുള്ള രോഗം എന്റെ കുട്ടുകാര .

    ReplyDelete
  6. കഥ നന്നായിട്ടുണ്ട്.മനുഷ്യന്റെ സ്വാർത്ഥത നന്നായി വരച്ചു കാട്ടി.

    ReplyDelete
  7. സഹതപിക്കാനും പറയാനും ധാരാളം സമയം കണ്ടെത്തുന്ന മനുഷ്യര്‍ സഹായിക്കാന്‍ സമയം കണ്ടെത്താത്ത സ്വാര്‍ത്ഥത നന്നായി അവതരിപ്പിച്ചു.
    മഹേഷ്‌ നന്നായി.

    ReplyDelete
  8. “വേണമെങ്കില്‍ എയര്‍ കണ്ടീഷന്‍ഡ് ഓഫീസ് മുറികളിലും ഇന്റെര്‍നെറ്റിലെ സൌഹൃദ കൂട്ടായ്മകളിലും ഞങ്ങള്‍ നിങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കാം. അത്തരം ഓരോ ചര്‍ച്ചയുടെയും ചൂട് പോലും തീരുന്നതിനും മുന്‍പേ ഞങ്ങള്‍ നിങ്ങളെ മറക്കുകയും ചെയ്യും“.

    - എത്രയോ ശരി!

    ReplyDelete
  9. മഹേഷ്ജി, വല്ലാതെ സ്പർശിച്ച ഒരു പോസ്റ്റ്. വാടകയ്ക്കെത്തിയ പെൺകുട്ടിയ്ക്ക് ശേഷം വീണ്ടും ശക്തമായ ഒരെഴുത്ത്. ഒരുപാട് അഭിനന്ദനങ്ങൾ..

    ReplyDelete
  10. തണുത്ത ബിയര്‍ അകതാക്കുന്നതിനു മുന്നേ
    തണുപ്പ് പോയി .(തണുത്ത മുറിയിലെ
    കാര്‍പെറ്റില്‍ മലരന്നു കിടന്നു അല്ലിയാമ്പല്‍ പാടി
    "നൊസ്റ്റാള്‍ജിയ" അനുഭവിക്കുന്ന പ്രവാസിയെപ്പോലെ )
    ലോട്ടെരിക്കാരന്റെ ദുഖവും നുരഞ്ഞു പൊങ്ങി നമുക്ക്
    മുന്നില്‍ അങ്ങനെ അസ്തമിക്കുന്നു.

    ReplyDelete
  11. വേണമെങ്കില്‍ എയര്‍ കണ്ടീഷന്‍ഡ് ഓഫീസ് മുറികളിലും ഇന്റെര്‍നെറ്റിലെ സൌഹൃദ കൂട്ടായ്മകളിലും ഞങ്ങള്‍ നിങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കാം. അത്തരം ഓരോ ചര്‍ച്ചയുടെയും ചൂട് പോലും തീരുന്നതിനും മുന്‍പേ ഞങ്ങള്‍ നിങ്ങളെ മറക്കുകയും ചെയ്യും

    സ്വന്തം സുഖങ്ങളും സന്തോഷങ്ങളും നഷ്ടപ്പെടുത്തി ഒരാള്‍ക്കും ഒന്നിനെ കുറിച്ചും സഹതപിക്കാന്‍ സമയമില്ല...

    നല്ല കഥ

    നന്നായി എഴുതി ...

    അഭിനന്ദനങ്ങള്‍ :)

    ReplyDelete
  12. വളരെ നന്നായിരിക്കുന്നു .
    http://shiro-mani.blogspot.com/

    ReplyDelete
  13. സമൂഹത്തില്‍ , രണ്ടുധ്രുവങ്ങളിലുളള മനുഷ്യരുടെ വികാരങ്ങള്‍ ലയിപ്പിച്ചെഴുതി. നന്നായിരിക്കുന്നു.

    ReplyDelete
  14. നിങ്ങളെയൊക്കെ ഒരു നിമിഷം ഓര്‍ക്കുന്നു എന്നത് തന്നെ ഞാന്‍ നിങ്ങള്‍ക്ക് ചെയ്യുന്ന വലിയ ഔദാര്യമാണ്‌. ethra nallathu!

    ReplyDelete
  15. സഹതപിക്കാന്‍ എനിക്കാവില്ല ...... അവരെ ഓര്‍ത്ത് ഒന്ന് വേദനിക്കാം ..... നേരിട്ട് കാണുകയനെകില്‍ എന്നാല്‍ കഴിയുന്ന സഹായവും ..അത്രമാത്രം

    ReplyDelete
  16. മനോഹരമായിരിക്കുന്നു മാഷേ.
    ലളിതവും എന്നാൽ മൂർഛയുള്ള വാക്കുകൾ ഹൃദയത്തിലേക്ക് തൊട്ടു. മറച്ചുപിടിച്ചിരിക്കുന്ന കണ്ണുകളിലേക്ക് ഒരൽ‍പ്പം വെളിച്ചം നമുക്ക് കടത്തിവിടാം.
    http://satheeshharipad.blogspot.com/

    ReplyDelete
  17. നല്ല ഭാഷയാനല്ലോ മഹേഷ്...
    ലളിതമായി കൊള്ളേണ്ടത് കൊള്ളേണ്ടപോലെ പറഞ്ഞിരിക്കുന്നൂ...കേട്ടൊ ഭായ്

    ReplyDelete
  18. ഇത് നമ്മുടെ നിസ്സഹായത ! ഈ സഹതാപം ആര്‍ക്കുവേണം

    ReplyDelete
  19. മഹേഷ്‌. ഞാന്‍ ആദ്യമായാണ്‌ ഇവിടെ. കണ്ടു മുട്ടാനും ചില നിമിത്തങ്ങള്‍ വേണമല്ലോ.

    പോസ്റ്റ് പങ്കു വെക്കുന്ന ചിന്തകള്‍ നല്ലത്. ഇന്റര്‍നെറ്റും ചാറ്റിങ്ങും വിദൂര സൗഹൃദങ്ങളുടെ അല്ലലില്ലാത്ത കൂട്ടായ്മയില്‍ നേരം കൊല്ലലുമായി ഫാസ്റ്റ് ലൈഫിന്‍റെ ജാഡയില്‍ സമയത്തിന്‍റെ ഓളപ്പരപ്പില്‍ ഒഴുകുവാന്‍ മാത്രം ഇഷ്ടപ്പെടുകയാണ് നാം. നമ്മില്‍ നിന്നും കരുണയും സഹാനുഭൂതിയും മനുഷ്യത്വവും നഷ്ടമാവാതിരിക്കട്ടെ.

    ReplyDelete
  20. അപാരതയിലേക്കു ആഴത്തില്‍ ഇറങ്ങിയിട്ടില്ല എങ്കിലും വായിച്ച വരികള്‍ ഇഷ്ടമായി....മിനിക്കഥകള്‍ വായിക്കാന്‍ പെരുത്തിഷ്ടമാണ്....ഭാവുകങ്ങള്‍
    [എന്റെ ഒരു കുഞ്ഞു ബ്ലോഗ്‌ ഉണ്ട്.സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.....]

    ReplyDelete
  21. മാറുന്ന മനുഷ്യരുടെ മാറ്റപെടുന്ന കാലത്തിന്റെ നിസ്സഹായതയെ പലപ്പോഴും അവഗനിക്കപെടുബോള്‍ നോബരങ്ങള്‍ കൊണ്ട് നീരുന്നവന്റെ ആത്മരോടനത്തിനെ
    ആരും മുഖവിലക്കെടുക്കുന്നില്ല
    നന്മ ഇനിയും അവശേഷിക്കുന്നവരെ കുറച്ചു നേരം അലസോരപെടുതുമെങ്കിലും
    അതും സ്ഥായിയാകുന്നില്ല

    നോബരങ്ങളെ മരോടനക്കുന്ന എഴുതുകാരണ്ടേ സ്ര്ഷ്ട്ടികളെ എനിക്ക് വിലയിരുതാനറിയില്ല
    എകിലും അവയെല്ലാം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു എന്നറിയുന്നതില്‍ സന്തോഷം

    നോബരങ്ങളെ തന്നെയാണ് ഞാനും പ്രണയിക്കുന്നത്‌ ഒരുപക്ഷെ മറ്റാരെകാളും
    നോബരതിണ്ടേ ഓരം ചേര്‍ന്ന് നടക്കുബോള്‍ ആത്മാവിന്ടെ മനോഹാരിത ഞാന്‍ അറിയുന്നു

    ReplyDelete
  22. വായിച്ചു.
    സന്തോഷം.
    നന്മകള്‍.

    ReplyDelete
  23. പോസ്റ്റ് പങ്കു വെക്കുന്ന ചിന്തകള്‍ നല്ലത്.

    ReplyDelete
  24. ഇഷ്ടായി ഇനിയും നല്ല രചനകള്‍ ഉണ്ടാകട്ടെ .

    ReplyDelete
  25. മനോഹരമായിരിക്കുന്നു മാഷേ.
    ലളിതവും എന്നാൽ മൂർഛയുള്ള വാക്കുകൾ. വായിക്കാന്‍ വൈകി.

    ReplyDelete
  26. പ്രസക്തമായ വിഷയം. എന്താ സഹോദരാ നിനക്കെന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടോ എന്ന് ആത്മാര്‍ഥതയോടെ ചോദിക്കാന്‍ ആളുകള്‍ ഉണ്ടെങ്കില്‍ തീരാവുന്ന ദാരിദ്രമേ ഭൂമിയില്‍ ഉള്ളൂ

    ReplyDelete
  27. കണ്ണേ മടങ്ങുക! നമുക്കിതൊന്നും കാണാനുള്ള കരളുറപ്പില്ലേയെന്നും പറഞ്ഞ് കരൾ കരിയാനുള്ളവ അകത്താക്കുന്ന മനുഷ്യർ ഒന്ന് മനസ്സു വെച്ചാൽ തീരാവുന്ന പ്രശന്ങ്ങളല്ലേ നമുക്ക് ചുറ്റുമുള്ളൂ?

    ReplyDelete
  28. lakshangal muthal mudakki photostate kada thudangi, oru copikk 50 paisa, oru panacchilavumillaatha picchathendalinu minimum kittum 2 roopa per head. realistic story- see my blog prakashanone.blogspot.com

    ReplyDelete
  29. വികലാംഗന്‍ എന്നുള്ള പദം ഒഴിവാക്കാമായിരുന്നു . സമൂഹമിപ്പോഴും ഭിന്ന ശേഷിയുള്ളവരെ ആ പദമുപയോഗിച്ച് തന്നെയാണ് വിളിക്കുന്നത്‌ . സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete