Sunday, April 24, 2016

അവിശ്വാസിയുടെ ദൈവം (മിനിക്കഥ)

ഇന്നലെ അവിശ്വാസിയുടെ ദൈവം പ്രത്യക്ഷപ്പെട്ട് എന്നോട് പറഞ്ഞു.
"ഭൂമിയില്‍  കര്‍മ്മം കൊണ്ട് മനുഷ്യരായ വിശ്വാസികള്‍ വിരലില്‍ എണ്ണാവുന്നവരിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്നു; അതിനാല്‍ വിശ്വാസിയുടെ  ദൈവം അങ്ങേയറ്റം  ദുഖിതനാണ്..."

ഒരു അവിശ്വാസി ആയതില്‍ എനിക്കഭിമാനം തോന്നി.  എന്തെന്നാല്‍ ദൈവത്തിന്റേയും ആചാരങ്ങളുടേയും പേരില്‍ ഞാനാരേയും കുരുതി കൊടുക്കുന്നില്ല, ഒന്നിനേയും ദ്രോഹിക്കുന്നില്ല, രക്തം കണ്ട് ചിരിക്കുന്നില്ല, കൈകാല്‍ വെട്ടുന്നില്ല.

"നിന്നില്‍ ഞാന്‍ സംപ്രീതനാണ്. നീ എന്നെ തെരുവില്‍ വില്‍ക്കുന്നില്ല. എന്റെ ഏറ്റവും  ഉദാത്തമായ സൃഷ്ടിയായ പ്രകൃതിയെ നീ പിച്ചിച്ചീന്തുന്നില്ല. കര്‍മ്മത്തിലൂടെ വിശ്വാസിയേക്കാള്‍ ശ്രേഷ്ഠനായ അവിശ്വാസിയാണ് നീ. നിനക്ക് നല്ലത് വരട്ടെ.."  അവിശ്വാസിയുടെ ദൈവം അപ്രത്യക്ഷനായി.

"മതമില്ലാത്തവന്റെ മതമാണെന്റെ മതം; നന്മ ചെയ്യുന്നവരോടൊപ്പമാണ് എന്റെ ദൈവം"
എന്ന് അഹങ്കാരത്തോടെ ലോകത്തോട് വിളിച്ച് പറയാന്‍ ഞാനാഗ്രഹിച്ചു. പക്ഷെ, എന്റെ ശബ്ദം പുറത്ത് വന്നില്ല. കാരണം വിശ്വാസിയുടെ കത്തി എന്റെ കഴുത്തില്‍ അമര്‍ന്നിരുന്നു.

വാല്‍ക്കഷണം: പൂരവും പരവൂരും തമ്മില്‍ ഈ കഥയ്ക്ക് ബന്ധമില്ല.

Tuesday, September 28, 2010

ലോട്ടറി ടിക്കറ്റ്

അവ്യക്തമായ ഭാഷയില്‍ ആരോ സ്വയം ഉറക്കെ സംസാരിക്കുന്നത് കേട്ട് മുഖം തിരിച്ചു നോക്കിയപ്പോഴാണ്, ബസിന്റെ സൈഡ് സീറ്റിലിരുന്നു യാത്ര ചെയ്യുന്ന അയാളെ ഞാന്‍ കാണുന്നത്.

പോളിയോ ബാധിച്ച മാതിരിയുള്ള അയാളുടെ വികലമായ കൈകളാണ് ആദ്യം എന്റെ ശ്രദ്ധയില്‍ പെട്ടത്.

മെലിഞ്ഞതും ശോഷിച്ചതുമായ ആ കൈകളിലെ ചലന സ്വാതത്ര്യം നഷ്ടപ്പെട്ട വിരൂപങ്ങളായ വിരലുകള്‍ ബയോളജി ലാബില്‍ ഫോര്‍മാലിനില്‍ ഇട്ട് സൂക്ഷിച്ചിട്ടുള്ള, കാലപ്പഴക്കം ചെന്ന മനുഷ്യ ശവശരീരത്തിന്റെ സ്മരണകള്‍ ഉണര്ത്തുന്നവയായിരുന്നു.


എങ്ങനെയോ അകത്തേക്ക് മടക്കിയ വലം കയ്യിലെ തള്ളവിരല്‍ കൊണ്ട് , താഴെ പോകാത്ത വിധത്തില്‍ , ചുളുക്കം വീണ ഏതാനും ലോട്ടറി ടിക്കറ്റുകള്‍ അയാള്‍ ഉള്ളം കയ്യില്‍ പിടിച്ചിരിക്കുന്നത് കാണാമായിരുന്നു. അല്പം കൂടി ശ്രദ്ധിച്ചിരുന്നപ്പോള്‍ വ്യക്തത കുറഞ്ഞ അയാളുടെ സംസാരം ഏതാണ്ടൊക്കെ എനിക്ക് മനസ്സിലാക്കാനായി.


"മേസ്ത്തിരിക്കും ആശാരിക്കും കൂലി അഞ്ഞൂറ് രൂപ . വെറും കൂലിപ്പണിക്കാരന് പോലും നാനൂറു രൂപ കിട്ടും. എനിക്കങ്ങനെയുള്ള എന്തെങ്കിലും ജോലി ചെയ്യാന്‍ പറ്റുമോ.....? പറ്റുമോ......? ഞാനും ജീവിക്കണ്ടേ...? "


ശരിയാണ് വികലാംഗനായ അയാള്‍, ശാരീരികമായ അദ്ധ്വാനം ആവശ്യമായ ജോലികള്‍ എങ്ങനെ ചെയ്യാനാണ്?

പക്ഷെ അതുകൊണ്ടെന്താ? ജീവിക്കാനുള്ള വക ലോട്ടറി വിറ്റ് അയാള്‍ ഉണ്ടാക്കുന്നില്ലേ? പിന്നെന്തിനാണ് വല്ലോനും കിട്ടുന്നതിനെ കുറിച്ച് ഇങ്ങനെ പുലമ്പുന്നത്?


"ജീവിക്കാന്‍ ഒരു ദിവസം ഒരു നേരമെങ്കിലും ആഹാരം കഴിക്കണ്ടേ? ഒരു നേരത്തെ ശാപ്പാടിനുള്ള വക എങ്ങനേലും ഉണ്ടാക്കണ്ടേ? "

അത് ശരി, ഇപ്പോഴാണ് കാര്യം പിടി കിട്ടിയത്.

സര്‍ക്കാരിന്റെ ലോട്ടറി നയം തന്നെയാണ് അയാളുടെ ദുഖഹേതു.
ഒരാഴ്ചത്തെ നറുക്കെടുപ്പ് സര്‍ക്കാര്‍ നീട്ടി വച്ചിരിക്കുന്നു...
ലോട്ടറി നിരോധനത്തെക്കുറിച്ചും സര്‍ക്കാര്‍ കാര്യമായി ആലോചിക്കുന്നുവത്രേ!


ആരും ഒന്നും ശ്രദ്ധിക്കുന്നില്ലെങ്കിലും അയാള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു...

പിച്ച തെണ്ടുന്നതിനു പകരമായി, അഭിമാനത്തോടെ ജീവിക്കാനുള്ള അവസാനത്തെ ആശ്രയം ഇല്ലാതാകാന്‍ പോകുന്നു എന്നറിയുമ്പോഴുള്ള ഒരുവന്റെ ആത്മ സംഘര്‍ഷങ്ങളുടെ നെടുവീര്‍പ്പെടലുകളാണീ പുലമ്പലുകള്‍.

പണ്ടേ ഇരുള്‍ മൂടിയ ജീവിതം.
തപ്പി തടഞ്ഞ് എങ്ങനെയോ മുന്നോട്ട് നടക്കുന്നതിനിടയില്‍ ആരോ കാലുകളില്‍ കൂച്ച് വിലങ്ങു കൂടി ഇടാന്‍ പോകുന്നു എന്നറിയുമ്പോഴത്തെ ഞെട്ടലാവാം.

അതുമല്ലെങ്കില്‍ ജീവിതവും മരണവും ഒരു ചോദ്യ ചിഹ്നം മാതിരി മുന്നിലേക്ക്‌ കടന്നു വരുന്ന നിമിഷങ്ങളിലെ ഭ്രാന്തന്‍ ചിന്തകളാകാം അയാളെക്കൊണ്ട് പിച്ചും പേയും പറയിക്കുന്നത്.

കൊച്ചു കുട്ടികള്‍ മയില്‍ പീലിത്തുണ്ടുകള്‍ കാത്തു രക്ഷിക്കുന്നത് പോലെ അയാള്‍ തന്റെ വലം കയ്യില്‍ എപ്പോഴും സൂക്ഷിച്ചിരിക്കുന്ന ആ ലോട്ടറി ടിക്കറ്റുകള്‍ തനിക്ക് ഒരു നേരമെങ്കിലും അന്നം തരുമെന്നും, എന്നെങ്കിലും ഒരിക്കല്‍ അവ തന്റെ കൈകളില്‍ ഭാഗ്യം കൊണ്ടെത്തിക്കുമെന്നും അയാള്‍ വിശ്വസിക്കുന്നു.
ആ വിശ്വാസമാണ് തകരാന്‍ പോകുന്നത്..

ഒരമ്മ തന്റെ കുഞ്ഞിനെ ഭദ്രമായി മാറോടണച്ച് സൂക്ഷിക്കുന്നത് പോലെ, ആ ലോട്ടറി ടിക്കറ്റുകള്‍, ഉറങ്ങുമ്പോള്‍ പോലും അയാളുടെ കൈകളില്‍ സുരക്ഷിതമായി ഉണ്ടാകുമെന്ന് തോന്നിപ്പോകുന്നു.

ഞാന്‍ ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ അയാള്‍ കൂടുതല്‍ ഉന്മേഷവാനായി.
"അല്ല, സാറ് പറ ഞാന്‍ ഒരു നേരമെങ്കിലും ആഹാരം കഴിക്കണ്ടേ..?"

എനിക്കയാളോട് സഹതാപം തോന്നി.
ഒരു ഭാഗ്യക്കുറി ടിക്കറ്റ് ഞാന്‍ അയാളില്‍ നിന്നും വാങ്ങി.
എനിക്കാഗ്രഹമുള്ളത് കൊണ്ടോ അങ്ങനൊരു ശീലമുള്ളത് കൊണ്ടോ ഒന്നുമല്ല ഞാനീ ടിക്കറ്റ് നിന്റെ കയ്യില്‍ നിന്ന് വാങ്ങിയത്.
പകരം നിന്നോടുള്ള സഹതാപം ഒന്ന് കൊണ്ട് മാത്രം.
ഇത്രയും നേരം നീ വായിട്ടടച്ചതല്ലേ? അത് കൊണ്ട് അല്പം മനസ്സാക്ഷിത്വം കാണിച്ചു എന്ന് മാത്രം.

എനിക്കിറങ്ങാനുള്ള സ്ഥലമായിരുന്നു.
ബസില്‍ നിന്നിറങ്ങി, ഞാന്‍ മെല്ലെ രാജധാനി ബാറിനെ ലക്ഷ്യമാക്കി നടന്നു.
ദാ, അതിന്റെ വാതില്‍ക്കലും നില്‍ക്കുന്നു ഒന്ന് രണ്ട് പേര്‍, ഭാഗ്യക്കുറികളുമായി.
മദ്യപിച്ചിറങ്ങുന്ന ആരെങ്കിലും ഒരാള്‍ ഒരു ടിക്കറ്റ് എടുക്കും എന്ന പ്രതീക്ഷയില്‍ അവര്‍ കാത്തിരിക്കുകയാണ്...
ഭാഗ്യത്തിന്റെ വരവും നോക്കി...

ബാറില്‍ കയറി, ഞാന്‍ ഒരു ബിയറിനു ഓര്‍ഡര്‍ നല്‍കി.
ബസില്‍ വച്ച് കണ്ട ലോട്ടറി വില്‍പ്പനക്കാരന്റെ മുഖം പിന്നെയും മനസ്സില്‍ തെളിഞ്ഞു.

നിന്നെപ്പോലുള്ള പലരെയും എനിക്ക് പരിചയമുണ്ട്.
പണ്ട് എന്റെ ഗ്രാമത്തില്‍ ഒരു കണ്ണ് പൊട്ടനുണ്ടായിരുന്നു. അയാളുടെയും തൊഴിലിതായിരുന്നു; ലോട്ടറി വില്‍പ്പന.
കണ്ണ് കാണാത്ത അയാള്‍ എങ്ങനാണ് മറ്റുള്ളവര്‍ തരുന്ന നാണയ തുട്ടുകളും നോട്ടുകളും തിരിച്ചറിയുക എന്നോര്‍ത്ത് ചെറുപ്പത്തില്‍ ഞാന്‍ അതിശയപ്പെട്ടിട്ടുണ്ട്.

അത് പോലെ പണ്ടൊരിക്കല്‍ വെളുപ്പിന് മൂന്ന് മണിയോടടുത്ത്, ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്ഡില്‍ ഒരു ദൂരെ യാത്രക്കായി ബസ് കാത്തു നില്‍ക്കവേ ഒരാള്‍ ലോട്ടറി വില്‍ക്കാന്‍ നടക്കുന്നത് കണ്ടിരുന്നു.
നാടും നാട്ടാരും ഉറങ്ങുന്ന ഈ പാതിരാ വെളുപ്പിന് ആര് ഭാഗ്യക്കുറി വാങ്ങാനാണ്?

പകലന്തിയോളം മറ്റെന്തെങ്കിലും ജോലി; രാത്രിയില്‍ ലോട്ടറി വില്‍പ്പന; വെളുപ്പിനെ പത്രമിടീല്‍; ചിലര്‍ ഇങ്ങനെയാണ്; ഉറങ്ങാറേ ഇല്ല.

കുടുംബം പോറ്റാനായി എത്രയോ സ്ത്രീകളാണ് ലോട്ടറി വില്‍ക്കുന്നത്.

അല്ല; സത്യത്തില്‍ ഞാനെന്തിനാണ് ഇതെല്ലാം ആലോചിച്ച് തല പുണ്ണാക്കുന്നത്?
എന്റെ രസങ്ങള്‍ , സന്തോഷങ്ങള്‍ തല്ലിക്കെടുത്തുവാന്‍ മാത്രമല്ലേ നിങ്ങള്‍ക്കാകൂ..

നിങ്ങളെയൊക്കെ ഒരു നിമിഷം ഓര്‍ക്കുന്നു എന്നത് തന്നെ ഞാന്‍ നിങ്ങള്‍ക്ക് ചെയ്യുന്ന വലിയ ഔദാര്യമാണ്‌.
നിനക്ക് വേണ്ടി ഒരിറ്റു കള്ളക്കണ്ണുനീര്‍ ഒഴുക്കുവാനല്ലാതെ എനിക്കെന്ത് ചെയ്യുവാനാകും?

വേണമെങ്കില്‍ എയര്‍ കണ്ടീഷന്‍ഡ് ഓഫീസ് മുറികളിലും ഇന്റെര്‍നെറ്റിലെ സൌഹൃദ കൂട്ടായ്മകളിലും ഞങ്ങള്‍ നിങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കാം. അത്തരം ഓരോ ചര്‍ച്ചയുടെയും ചൂട് പോലും തീരുന്നതിനും മുന്‍പേ ഞങ്ങള്‍ നിങ്ങളെ മറക്കുകയും ചെയ്യും.

പിന്നെയും നീയെന്തിനാണ്‌ ഒരു രസം കൊല്ലിയായി എന്റെ ചിന്തകളില്‍ വിഹരിക്കുന്നത്?
എന്റെ നല്ല മൂഡ് കളഞ്ഞിട്ടു നിനക്കെന്തിന്റെ കേടാണ്?
നിനക്കായി ചിലവാക്കുവാന്‍ ഇനി ഒരു നിമിഷം പോലും എനിക്കില്ല.
ഞാന്‍ തിരക്കിലാണ്...

ഇന്റെര്‍നെറ്റിലെ എത്രയോ വെബ്സൈറ്റുകളില്‍, ഒളി ക്യാമറകള്‍ പകര്‍ത്തിയ ചൂടന്‍ കിടപ്പറ രംഗങ്ങള്‍ എനിക്കായി കാത്തിരിക്കുന്നു..

സൌഹൃദ വലയിലെ അനേകം ചാറ്റ് റൂമുകളില്‍ എന്റെ വരവും കാത്ത് എത്രയോ സുന്ദരികള്‍ ഉറക്കമൊഴിച്ചിരിക്കുന്നു...

വൃത്തികെട്ടവനെ, നിന്നെക്കുറിച്ചു ഓര്‍ത്തിരുന്നത് കാരണം എന്റെ ഗ്ലാസ്സിലോഴിച്ച ബിയറിന്റെ തണുപ്പ് തീര്‍ത്തും ഇല്ലാണ്ടായിരിക്കുന്നു.

"ഹേ...മഹാപരാധീ കടന്നു പോകൂ എന്റെ മുന്നില്‍ നിന്ന്... പോകൂ.. എവിടേലും പോയി തുലയാന്‍.. "

Monday, August 23, 2010

ഒരു കടം കഥ പോലെ (മിനിക്കഥ)

ചെറുപ്പക്കാരന്‍ അകലേക്ക്‌ കൈ ചൂണ്ടി...
"അങ്ങകലെ ആകാശ നീലിമയില്‍ ഞാന്‍ ദൈവത്തെ കണ്ടു."

കൈക്കുമ്പിളില്‍ താടി താങ്ങി കുട്ടി ശ്രദ്ധാലുവായി.
"എന്നിട്ട്?"

ചെറുപ്പക്കാരന്‍ തുടരുകയാണ്...
"ദൈവം എന്നെ നോക്കി പുഞ്ചിരിച്ചു."
"എന്തിനാണ് ദൈവം പുഞ്ചിരിച്ചത്? " പിഞ്ചു മനസ്സിന് സംശയം.
"എല്ലാവര്ക്കും നല്ലത് വരാന്‍ വേണ്ടിയാണ് ദൈവം പുഞ്ചിരി പൊഴിച്ചത്."
മനസ്സിലായെന്ന മട്ടില്‍ ബാലന്‍ തലയാട്ടി. എന്നാലവന്റെ സംശയം തീര്‍ന്നിരുന്നില്ല.

"ദൈവത്തിന്റെ രൂപമെന്താണ്?"
"ദൈവത്തിനു ലോകത്തിന്റെ രൂപമാണ്."
ലോകത്തെക്കുറിച്ച് അവനറിയില്ല. അതിനാല്‍ ബാലന്‍ അതും വിശ്വസിച്ചു.

"ദൈവം അപ്പോള്‍ എന്ത് ചെയ്യുകയായിരുന്നു?"
"ദൈവം അപ്പോളൊരു പെണ്‍കുട്ടിയെ തലോടുകയായിരുന്നു; ആശീര്‍വദിക്കുകയായിരുന്നു. എന്തെന്നാല്‍ ദൈവത്തിനിഷ്ടം പെണ്‍കുട്ടികളെയാണ്..." ചെറുപ്പക്കാരന്‍ മറുപടി പറഞ്ഞു.

പക്ഷെ, ഇത്തവണ കുട്ടിയത് വിശ്വസിച്ചില്ല.
അവന്റെ മുഖമിരുണ്ടു.
"എന്ത് പറ്റി? " ചെറുപ്പക്കാരന്‍ അന്വേഷിച്ചു.

നിഷ്കളങ്കനായ ബാലന്‍ അവന്റെ ചുറ്റുപാടുമുള്ള ഇന്നത്തെ ലോകത്തെക്കുറിച്ചോര്‍ത്തു. അന്യമാകുന്ന പാദസരങ്ങളുടെ കിലുക്കവും പൊഴിഞ്ഞു വീഴുന്ന കണ്ണുനീര്‍തുള്ളികളും അവനെ ചിന്തിപ്പിച്ചു.

ദീക്ഷയുള്ള ചെറുപ്പക്കാരനും, നിസ്സഹായയായ പെണ്‍കുട്ടിയും, അവളെ സ്നേഹിക്കുന്ന ഈശ്വരനും മെല്ലെ ബാലനൊരു കടംകഥയായി മാറുകയായിരുന്നു....ഉത്തരം കിട്ടാത്ത കടംകഥ....


(പന്ത്രണ്ടു കൊല്ലം മുന്‍പ് 1998-ല്‍ എഴുതിയതാണ് ഈ കഥ . അന്നിത് വായിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇതിലെ ആശയം മനസ്സിലായില്ല. അന്ന് തീരുമാനിച്ചു; ഇനി എഴുതുകയാണെങ്കില്‍ എല്ലാവര്ക്കും മനസ്സിലാകുന്ന രീതിയില്‍ വളരെ സിമ്പിളായി മാത്രമേ എഴുതുകയുള്ളൂ എന്ന്...)

Thursday, July 29, 2010

കര്‍ക്കിടകത്തിലെ ഉണ്ണി

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പഞ്ഞക്കര്‍ക്കിടകത്തില്‍, ഒരു മലയോര ഗ്രാമ പ്രദേശത്തിലെ ഇല്ലായ്മയിലെ വല്ലായ്മയിലേക്കാണ് കിച്ചു പിറന്നു വീണത്‌. ആ കിച്ചുവിന്റെ ആറാം പിറന്നാള്‍ ദിനത്തില്‍ ഉണ്ടായ ഒരു സംഭവം പറയാം.

ഉച്ചയോടടുത്ത സമയം. പച്ചിലക്കാറ്റാടിയും കറക്കി കിച്ചുമോനോടിയെത്തിയത് അല്പം ദൂരെമാറിയുള്ള കൂട്ടുകാരന്‍ രാജുവിന്റെ വീട്ടില്‍.
"എടാ, കിച്ചൂ, നിന്റെ പിറന്നാളല്ലേ ഇന്ന്? വാ നിനക്ക് ഞാനൊരു മുട്ട പുഴുങ്ങിയത് തരാം." രാജുവിന്റെ അമ്മ വിളിക്കുന്നു..

കഴിക്കണോ? കിച്ചു സംശയിച്ചു നിന്നു. മുട്ട അല്ലേലും കിച്ചുവിന് വളരെ ഇഷ്ടമാണ്. വീട്ടില്‍ കോഴിയില്ല; മുട്ടയൊട്ടു മേടിക്കാറുമില്ല. പിറന്നാളായിട്ട് കിച്ചു രാവിലെ കഴിച്ചത് ലേശം പഴംകഞ്ഞിയാണ്. പലഹാരം കിച്ചുവിനെന്തിഷ്ടമാണെന്നോ ? പക്ഷെ എന്ത് ചെയ്യാം വീട്ടിലതൊന്നുമുണ്ടാക്കാറില്ല.

"വാ മോനെ വന്നു കഴിച്ചിട്ട് പോ"
കിച്ചു മെല്ലെ അടുക്കളയില്‍ കയറി നിലത്തു ചമ്രം പടഞ്ഞിരുന്നു. രാജുവിന്ടമ്മ ഒരു ചെറിയ പ്ലേറ്റില്‍ മുട്ടപുഴുങ്ങിയതെടുത്തു അവന്റെ മുന്നില്‍ വച്ചു.
രാജു എത്ര ഭാഗ്യവാനാണ്. അവന്റെ വീട്ടില്‍ കോഴിയുണ്ട്; ആടുണ്ട്‌.അവനെന്നും പാല് കുടിക്കാം; മുട്ട കഴിക്കാം. ഇടയ്ക്ക് അവര്‍ കോഴിയെ കറി വെക്കും. കോയിക്കറീന്റെ നല്ല മണം പറന്പിലൂടൊഴുകി മൂക്കിലെത്തും മുന്നേ കിച്ചൂന്റെ വായില്‍ വെള്ളം വന്നിരിക്കും. പക്ഷെ എന്ത് ചെയ്യാം. അവന്റെ അച്ഛനും അമ്മയും പാവങ്ങളാണ്. അവന് അതറിയാം.

മുട്ടയെടുത്തു ഒന്ന് കടിച്ചതും അലര്‍ച്ച കേട്ടു.
"എടാ കിച്ചൂ.." അമ്മയാണ്.
വേറെവിടെങ്കിലും പോയി എന്തെങ്കിലും കഴിക്കുന്നത്‌ അമ്മക്ക് തീരെ ഇഷ്ടമല്ല. മുട്ട പാത്രത്തിലിട്ട് കിച്ചു ഓടി. പുറകെ അമ്മയും. കമ്യൂണിസ്റ്റ് പച്ചയുടെ കമ്പ് ചുവടോടെ പിഴുതെടുത്ത്‌ അടി കിച്ചുവിന്റെ മേല്‍ വന്നു വീണു.

"തെണ്ടി തിന്നരുതെന്നു നിന്നോട് ഞാന്‍ പലതവണ പറഞ്ഞിട്ടില്ലെടാ..?"
മുറിക്കകത്ത് കയറി ഒളിച്ചിട്ടും അവനു തലങ്ങും വിലങ്ങും അടി കിട്ടി.
അവന്‍ കരഞ്ഞു. പിന്നെ അതൊരു തേങ്ങി കരച്ചിലായി മണിക്കൂറുകള് നീണ്ടു.

കുറെയധികനേരം അവന്‍ കിടന്നു കരഞ്ഞപ്പോള്‍ അവന്റെ അമ്മക്ക് സങ്കടമായി. അവനെ കെട്ടിപ്പിടിച്ചു അവന്റെ നെറ്റിയില്‍ മുത്തം കൊടുത്തു അമ്മ പറഞ്ഞു.
"മോനൂസ് കരയണ്ടാട്ടോ. മോന് ഞാന്‍ കോഴിക്കറി വെച്ച് തരാം..."

കണ്ണ് നീര്‍ വീണു കാഴ്ച മങ്ങിയ കണ്ണുകള്‍ കൊണ്ട് അമ്മയെ നോക്കി ഏങ്ങലടിച്ചു അവന്‍ ചോദിച്ചു.
"എപ്പഴാ വച്ച് തരികാ? "
"മോനൂന്റെ അടുത്ത പിറന്നാളിനാട്ടെ.."
"സത്യായും കൊയിക്കറി വച്ച് തരുമോ..?"
"ഉം.. സത്യായും അമ്മ ഉണ്ടാക്കി തരാം"

കിച്ചുവിന് ആശ്വാസമായി. അവന്റെ കരച്ചില്‍ താനേ നിന്നു. അടുത്ത പിറന്നാളിന് കിട്ടാന്‍ പോകുന്ന കോഴിക്കറിയുടെ രുചി ഇപ്പോഴേ അവന്റെ വായിലെത്തി.

അന്ന് വൈകുന്നേരം വീണ്ടും രാജുവിനെ കണ്ടപ്പോള്‍ കിച്ചു ഒരുപാട് സന്തോഷത്തോടെ പറഞ്ഞു.
"എന്റെ അടുത്ത പിറന്നാളിന് നിങ്ങടെ വീട്ടിലെ പൂവന്‍ കോഴിയെ മേടിച്ചു കറി വെച്ച് തരാമെന്നു എന്റമ്മ എന്നോട് പറഞ്ഞൂല്ലോ.."

അടുത്ത പിറന്നളാവാന് കിച്ചു അക്ഷമയോടെ കാത്തിരിക്കുവാന്‍ തുടങ്ങി.
എത്രയും വേഗം ആ ദിവസം ഒന്ന് വന്നെതിയിരുന്നെങ്കില്‍...
അവന്‍ രാജുവിന്റെ പൂവന്‍ കോഴിയെ നോട്ടമിട്ടു വച്ചിരിക്കുകയാണ്...
അതിനെ കാണുമ്പോഴൊക്കെ അവന്‍ മനസ്സില്‍ പറയും.
"പൂവാ... നോക്കിക്കോ. നീ എന്റെ വയറ്റിലാവാന്‍ പോകുകയാണ്. എന്റെ പിറന്നാളൊന്നു വന്നോട്ടെ..."

അങ്ങനെ മുന്നൂറ്റി അറുപത്തി മൂന്നു ദിവസം കടന്നു പോയി. കിച്ചുവിന്റെ പിറന്നാളിന് ഇനി രണ്ടേ രണ്ടു ദിവസം മാത്രം. അന്ന് രാജുവിനെ ചെന്ന് കണ്ടു കിച്ചു പറഞ്ഞു.
"നിന്റെ കോഴിയെ ഞങ്ങള്‍ മേടിക്കാന്‍ പോവാന്ന് കരുതി നീയ്യ്‌ അതിനെ പട്ടിണിക്കിടല്ല് കേട്ടോടാ രാജു.."
പിറന്നാളിന് തലേദിവസം വീണ്ടും അവന്‍ അമ്മയെ ഓര്‍മ്മിപ്പിച്ചു..
"അമ്മേ കോഴി.."
"അതിനെന്താ? നാളെയല്ലേ പിറന്നാള്. നാളെ വാങ്ങാം.."
അന്ന് രാത്രി അവന്‍ ഒരുപാട് സന്തോഷത്തോടെ കിടന്നുറങ്ങി. പുറത്ത് മഴ തോരാതെ പെയ്യുന്നുണ്ടായിരുന്നു...

പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു രാജുവിന്റെ വീട്ടില്‍ പോയി ആ പൂവന്‍ കോഴിയെ ഒരിക്കല്‍ കൂടി കണ്ടു.."പൂവാ നിന്റെ അവസാനം ഇന്ന്.."

നേരം നന്നായി പുലര്‍ന്നു.
" അമ്മേ എപ്പോഴാ കോഴിയെ മേടിക്കാന്‍ പോകണ്ടേ.?"
"എന്റെ പണിയൊക്കെ ഒന്ന് ഒതുങ്ങട്ടെ കുട്ടാ. നമുക്ക് ഉച്ച കഴിഞ്ഞു പോകാം."
നല്ല കോഴിക്കറീന്റെ ഓര്‍മ്മകളുമായി ഇടയ്ക്കിടെ പെയ്യുന്ന മഴയെ നോക്കി അവന്‍ കാത്തിരുന്നു..

"അമ്മേ...മണി നാലായി നമ്മക്ക് രാജൂന്റെ വീട്ടില്‍ പോയാലോ?"
"അമ്മെ..അമ്മേ.." അമ്മ മറുപടിയൊന്നും പറയുന്നില്ല. അവനു കരച്ചില്‍ വന്നു..
അവനോടൊന്നും മിണ്ടാതെ അമ്മ പറമ്പിലേക്കിറങ്ങി പോയി. അവനും പുറകെ ചെന്നു.
"പോയിരിയടാ അവിടെ..."ഒച്ചയുണ്ടാക്കി അവനെ പേടിപ്പിച്ചിരുത്തി അമ്മ ദൂരെ മാറി ഒരു മരത്തിന്റെ ചോട്ടില്‍ പോയിരുന്നു. അവര്‍ വല്ലാതെ സങ്കടപ്പെടുന്നുണ്ടായിരുന്നു.

ഓരോ തവണയും കിച്ചുവിന്റെ പിറന്നാളോഘോഷിക്കാനായി അവര്‍ കഷ്ടിച്ച് പിടിച്ചു എന്തെങ്കിലുമൊക്കെ കരുതി വെക്കും. പക്ഷെ കര്‍ക്കിടകം തുടങ്ങുമ്പോഴേക്കും അതൊക്കെ തീര്‍ന്നിരിക്കും. ഒന്നുകില്‍ ആര്‍ക്കെങ്കിലും വല്ല വയ്യാഴിക വരികയോ അല്ലെങ്കില്‍ കഞ്ഞിക്കു മാര്‍ഗമില്ലാതെ വരികയോ ചെയ്തിരിക്കും. അതോടെ ആ കാശ് അങ്ങു തീരും. അത് കൊണ്ടിന്നു വരെ അവന്റെ പിറന്നാളിന് ഒരുടുപ്പ് വാങ്ങി കൊടുക്കാനോ അല്ലെങ്കില്‍ ഇഷ്ടപ്പെട്ട ആഹാരം ഉണ്ടാക്കി കൊടുക്കാനോ ആ പാവം അമ്മക്കാവുന്നില്ല...

സന്ധ്യയായി...
അമ്മ തിരിച്ചു വീട്ടിലെത്തി..
കിച്ചു അപ്പോഴും ഏങ്ങിഏങ്ങികരയുകയാണ്. അവര്‍ അവനെ മടിയില്‍ കിടത്തി അവന്റെ മുടിയിഴകളില്‍ തലോടി ആശ്വസിപ്പിച്ചു. അവരുടെ കണ്ണില്‍ നിന്നൊരു തുള്ളി കണ്ണുനീര്‍ അവന്റെ കവിളില്‍ വീണു.
അവന്‍ മുഖമുയര്‍ത്തി നോക്കി.
"നീ എന്തിനാടാ മോനെ കര്‍ക്കിടക മാസത്തിലുണ്ടായത്..???"
ആ അമ്മ കരഞ്ഞു.

കിച്ചുവിന് എല്ലാം മനസ്സിലായി. അവന്‍ കരച്ചില്‍ നിര്‍ത്തി.
എല്ലാം അവന്റെ കുറ്റമാണ്.
അവന്‍ കര്ക്കിടകത്തിലുണ്ടായവനാണ്.
പിറക്കാന്‍ പാടില്ലാത്ത സമയത്ത് പിറന്നവനാണ്.

കിച്ചു വളര്‍ന്നു..
പിന്നൊരിക്കലും ഒന്നുമവന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. കാരണം അവനറിയാം അവന്‍ കര്‍ക്കിടകത്തിലെ ഉണ്ണിയാണെന്ന്..
അധികപ്പറ്റായവന്‍...

കാലമേറെയായിട്ടും ഇന്നും എന്ത് ചെയ്യുവാനൊരുങ്ങുമ്പോഴും ഒരു പിന്‍ വിളിയായി ആ ചോദ്യം വീണ്ടും വീണ്ടും അവന്റെ കാതുകളില്‍ വന്നലക്കുന്നു..
"നീ എന്തിനാടാ മോനെ കര്‍ക്കിടക മാസത്തിലുണ്ടായത്..???"

Sunday, July 18, 2010

വൃദ്ധന്‍, ഭ്രാന്തന്‍

ഉച്ചയോടടുത്ത സമയം വൃദ്ധന്‍ ഉമ്മറത്തെ ചാരുകസേരയില്‍ കിടന്നു വിശ്രെമിക്കുവാന്‍ ആരംഭിച്ചു. ഉച്ചയൂണ് കഴിക്കുവാന്‍ വിശപ്പ് അധികമായിട്ടില്ല. രാവിലത്തെ ജോലികളേറെക്കുറെ കഴിഞ്ഞിരിക്കുന്നു. കുറച്ചു മുന്പ്, മുറ്റത്തും മതിലിലും അധികപ്രസഗംമായി തല നീട്ടിയ പുല്‍നാമ്പുകളെയും പായലിനെയും പിഴുതെറിഞ്ഞു കൊണ്ടിരുന്നപ്പോള്‍ താനും അവറ്റകളെപ്പോലെ തന്നെയല്ലേയെന്ന് അയാള്‍ക്ക്‌ തോന്നതിരുന്നില്ല. ദാനം കിട്ടിയ ജന്മത്തില്‍ കഴുമരത്തിന്റെ ദയക്കായി കാത്തിരിക്കുന്ന ഒരു ആത്മാവ്.

ഭാര്യയുടെ മരണവും നഗരത്തിന്റെ ഇടുങ്ങിയ ചുവരുകളിലേക്കുള്ള പറിച്ചു നടീലും തൊട്ടതിനും പിടിച്ചതിനുമെല്ലാം ശകാരവര്‍ഷം ചൊരിയുന്ന മരുമകളുടെ സ്വഭാവവും ശരീരത്തിന്റെ വല്ലായ്മകളെക്കാളുപരിയായി വൃദ്ധന്റെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു...

ടെലിവിഷന്‍ കാണുകയോ പാട്ടു കേള്‍ക്കുകയോ അയാള്‍ ചെയ്യാറില്ല; താത്പര്യം തോന്നിയിട്ടില്ല. ദിവസവും രാവിലെ പത്രം വായിക്കും. കൊച്ചുമക്കളൊക്കെ ബോര്‍ഡിങ്ങില്‍ നിന്നു പഠിക്കുന്നതിനാല്‍ അവരും ചിന്തകളില്‍ മാത്രമേ മിക്കവാറും വരാറുള്ളൂ.. ഓണത്തിനും ക്രിസ്മസ്സിനും അവധിക്കു വീട്ടില്‍ വരുന്ന നിഷ്കളങ്കരായ ആ കുരുന്നുകളെ കാണുന്നത് മാത്രമാണ് കിഴവന്റെ ഏറ്റവും വലിയ ആനന്ദം. അവര്‍ പറയുന്ന ഇംഗ്ളീഷ് വാക്കുകള്‍ മനസ്സിലാക്കാനാവാതെ സങ്കടം വന്നിരിക്കുമ്പോഴും പുറമെ അയാള്‍ ചിരിക്കും. ഓണത്തിനും ക്രിസ്മസ്സിനും കൊച്ചുമക്കളെ കാണുമ്പോള്‍ മാത്രം വിരിയുന്ന ചിരിയുടെ ഒരു മൊട്ട്. അവരില്ലെങ്കില്‍ എല്ലാ ദിവസവും ഒരു പോലെ..

ചിലപ്പോഴയാള്‍ ചാരുകസേരയില്‍ കിടന്ന്, ചിലമ്പുന്ന കാക്കകളെയും കിളികളെയും നിരീക്ഷിച്ചു കൊണ്ടിരിക്കും. ചിലപ്പോള്‍ ഇടക്കിടെ മതിലിലും മുറ്റത്തും പ്രത്യക്ഷപ്പെടുന്ന അപ്പുറത്തെ വീട്ടിലെ ചക്കിപ്പൂച്ചയെ നോക്കിക്കൊണ്ടിരിക്കും. അതുമല്ലെങ്കില്‍ അതിലെയും ഇതിലെയും പറന്ന് കളിക്കുന്ന പൂമ്പാറ്റകളെ നോക്കി സമയം കളയും.

ആരെയോ ശാസിക്കുന്ന മരുമകളുടെ ഉറക്കെയുള്ള ശബ്ദം കേട്ടാണ്‌ വൃദ്ധന്‍ തന്റെ ചെറുമയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. ഭാഗ്യം തന്നോടല്ല, വേലക്കാരിയോടാണ്. പാതി തുറന്നിട്ട ഗേറ്റില്‍ ചാരി ആരോ നില്ക്കുന്നതുപോലെ തോന്നി. സന്തതസഹചാരിയായ ആ പഴയ, വലിയ കണ്ണട എടുത്തു മൂക്കിനു മുകളില്‍ വെച്ച് കിഴവന്‍ സൂക്ഷിച്ചു നോക്കി...
ഭ്രാന്തന്‍... ഒരു ഭ്രാന്തന്‍
മുഷിഞ്ഞ പാന്‍റും ഷര്‍ട്ടും വേഷം. നീണ്ടു വളര്‍ന്ന് ജടപിടിച്ച തലമുടി. ഒരു കയ്യിലൊരു വൃത്തികെട്ട സഞ്ചി കാണാം. മറ്റേ കൈ പിറകില്‍ കെട്ടി തലകുനിച്ചു അനങ്ങാതെ ഭ്രാന്തന്‍ തന്റെ നില്‍പ്പ് തുടര്‍ന്നു. വൃദ്ധന്റെ കണ്ണുകള്‍ അയാളില്‍ തന്നെ തറച്ചു നിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ദയ തോന്നിയ കിഴവന്‍ ഭ്രാന്തന്റെ അടുത്തേക്ക് നീങ്ങി.

"വല്ലതും കഴിച്ചോ..?"
മറുപടി പറയുകയോ തല ഉയര്‍ത്തി ഒന്നു നോക്കുകയോ ഉണ്ടായില്ല.
"വിശക്കുന്നെങ്കില്‍ കഴിക്കാന്‍ എന്തെങ്കിലും കൊണ്ടു വരട്ടെ...? "

ഭ്രാന്തന്‍ എന്തോ ഒരു ശബ്ദം പുറപ്പെടുവിച്ചു. അതൊരു സമ്മതം മൂളലാണെന്നു അയാള്‍ക്ക്‌ മനസ്സിലായി. ഉമ്മറത്തെ കതക് അടച്ചു കുറ്റിയിട്ട് വൃദ്ധന്‍ അടുക്കളയിലേക്കു നടന്നു...

"മോളെ, തലയ്ക്കു സ്ഥിരതയില്ലാത്തൊരാള്‍ പുറത്തു വന്നു നില്ക്കുന്നു. പാവം ഒന്നും കഴിച്ചിട്ടില്ലെന്നു തോന്നുന്നു... ആഹാരം വല്ലതും ഉണ്ടെങ്കില്‍... പഴേനോ മറ്റോ ആയാലും മതി..."
മരുമകള്‍ തലയുയര്‍ത്തി നോക്കി.

"ഇവിടൊന്നും ഇല്ലാ.. അപ്പന്‍ ഒന്നു പോയെ.. വേറെ പണി നോക്ക്. കണ്ട തെണ്ടികളെയൊക്കെ വിളിച്ചു വീട്ടില്‍ കയറ്റിക്കൊള്ളും."
ഭാഗ്യം ഭ്രാന്തന്മാര്‍ക്ക് ഇതൊന്നും കേട്ടാല്‍ മനസ്സിലാവില്ലല്ലോ..പിച്ചക്കാരാണേല്‍ പോലും അന്തസ്സുള്ളവര്‍ ഇവള്‍ കൊടുക്കുന്നത് കഴിക്കുമോ..?

"മോളെ, ഞാന്‍ ഒന്നും കഴിക്കുന്നില്ല, പകരം എനിക്കുള്ളത് ആ പാവത്തിന് കൊടുത്തു കൂടെ..?"
മരുമകളുടെ രൂക്ഷമായ നോട്ടം താങ്ങാനാവാതെ കിഴവന്‍ തലകുനിച്ചു.
വേലക്കാരിയോടായി മരുമകള്‍ പറഞ്ഞു.
"എടുത്തു വല്ലോം കൊടുക്ക്‌.. അതെങ്ങിനാ ഓരോ കോളും ഒപ്പിച്ചോണ്ട് വന്നെക്കുവല്ലേ...വല്ല പ്ലാസ്റ്റിക് കൂടിന്റെ പുറത്തു ഇട്ടു കൊടുത്താ മതി. പാത്രം വൃത്തികേടാക്കല്ല്. "

ഒരു പ്ലാസ്റ്റിക് കവര്‍ നിവര്‍ത്തിയിട്ടു അതില്‍ കുറെ ചോറും ഒരു തോരനും എടുത്ത് വേലക്കാരി അയാളുടെ കയ്യില്‍ കൊടുത്തു. മറ്റൊരു ചെറിയ കവറില്‍ അല്പം പച്ചമോരും. എന്തോ കാര്യം സാദിച്ച ഭാവത്തോടെ കിഴവന്‍ അതുമായി ഉമ്മറത്തെത്തി.

കാര്‍ പാര്‍ക്കിംഗ് ഏരിയയിലെ തറയില്‍ കഴിക്കാന്‍ തയ്യാറായി ഭ്രാന്തന്‍ നേരത്തെ തന്നെ ചമ്രം പടഞ്ഞിരുന്നു കഴിഞ്ഞിരുന്നു. അയാളുടെ മുഖം അപ്പോഴും കുനിഞ്ഞു തന്നെ. പെട്ടന്നാണ് അക്കാര്യം വൃദ്ധന്റെ ശ്രദ്ധയില്‍ പെട്ടത്. അയാളുടെ മുന്നില്‍ ആഹാരം കഴിക്കാനുള്ള രണ്ടു പാത്രങ്ങള്‍; അതിമനോഹരമായ കലാവിരുതോടെ ഇലയില്‍ തീര്‍ത്ത രൂപഭംഗിയുള്ള രണ്ടു പാത്രങ്ങള്‍. ആഞ്ഞിലി ഇലകളില്‍ ഈര്‍ക്കിലി കുത്തി നെയ്തെടുത്തിരിക്കുന്ന ചോറെടുക്കുവാനുള്ള പാത്രം. അതുപോലെ, വാഴയിലയില്‍ തീര്‍ത്തിരിക്കുന്ന കോപ്പ പോലിരിക്കുന്ന ചാറുകറിയെടുക്കുവാനുള്ള മറ്റൊരു പാത്രം.

ഒരു ഞെട്ടലോടെ, അദ്ഭുതത്തോടെ, വൃദ്ധന്‍ ആ പാത്രങ്ങളിലേക്ക് ആഹാരം പകര്‍ന്നു. ആവേശത്തോടെയുള്ള ഭ്രാന്തന്റെ ചോറൂണ് നോക്കി അയാളിരുന്നു. ആ പാത്രങ്ങളില്‍ നിന്ന് അല്പം പോലും മോര് ഒഴുകിഒലിച്ചു പോയിട്ടില്ലെന്നത് കിഴവന്‍ ആശ്ചര്യത്തോടെ നിരീക്ഷിച്ചു.

നീ......നീയെങ്ങനെ ഭ്രാന്തനായി..? അല്ലെങ്കില്‍ നിന്നെ എങ്ങനെ ഭ്രാന്തന്‍ എന്ന് വിളിക്കാനാകും..? എല്ലാ ഭ്രാന്തന്മാരും ഏതെങ്കിലുമൊരു കാര്യത്തില്‍ സര്‍ഗാത്മകത തുളുമ്പി നില്ക്കുന്ന കലകാരന്‍മാരാണെന്നു അയാള്‍ക്ക്‌ തോന്നി.

ഒരു പറ്റു പോലും അവശേഷിപ്പിക്കാതെ ഭ്രാന്തന്‍ ചോറുണ്ട് കഴിഞ്ഞിരുന്നു. വൃദ്ധന്‍ ഒരു കപ്പില്‍ ഇത്തിരി വെള്ളം കൊണ്ടു വന്നു വാഴയിലക്കോപ്പയില്‍ ഒഴിച്ച് കൊടുത്തു. ദാഹിക്കുന്നുവെന്കില്‍ കുടിക്കട്ടെ എന്ന് കരുതിയാണങ്ങനെ ചെയ്തത്. പക്ഷെ കോപ്പയിലെ വെള്ളത്തില്‍ മുക്കി കൈ കഴുകി ഭ്രാന്തന്‍ പുറത്തേക്ക് നടന്നു...

അയാളുപെക്ഷിച്ചു പോയ എച്ചില്‍ പാത്രം എടുത്തു കളഞ്ഞ്, ഗേറ്റുമടച്ച് വൃദ്ധന്‍ തിരിച്ചു വന്നു. അകത്തു പോയി അല്പം തണുത്ത വെള്ളമെടുത്ത് കുടിച്ചു. വീണ്ടും ഉമ്മറത്തെത്തി. ഒരു സംതൃപ്തിയോടെ നെടുവീര്‍പ്പോടെ കിഴവന്‍ ചാരുകസേരയിലേക്ക് മടങ്ങി.