Monday, August 23, 2010

ഒരു കടം കഥ പോലെ (മിനിക്കഥ)

ചെറുപ്പക്കാരന്‍ അകലേക്ക്‌ കൈ ചൂണ്ടി...
"അങ്ങകലെ ആകാശ നീലിമയില്‍ ഞാന്‍ ദൈവത്തെ കണ്ടു."

കൈക്കുമ്പിളില്‍ താടി താങ്ങി കുട്ടി ശ്രദ്ധാലുവായി.
"എന്നിട്ട്?"

ചെറുപ്പക്കാരന്‍ തുടരുകയാണ്...
"ദൈവം എന്നെ നോക്കി പുഞ്ചിരിച്ചു."
"എന്തിനാണ് ദൈവം പുഞ്ചിരിച്ചത്? " പിഞ്ചു മനസ്സിന് സംശയം.
"എല്ലാവര്ക്കും നല്ലത് വരാന്‍ വേണ്ടിയാണ് ദൈവം പുഞ്ചിരി പൊഴിച്ചത്."
മനസ്സിലായെന്ന മട്ടില്‍ ബാലന്‍ തലയാട്ടി. എന്നാലവന്റെ സംശയം തീര്‍ന്നിരുന്നില്ല.

"ദൈവത്തിന്റെ രൂപമെന്താണ്?"
"ദൈവത്തിനു ലോകത്തിന്റെ രൂപമാണ്."
ലോകത്തെക്കുറിച്ച് അവനറിയില്ല. അതിനാല്‍ ബാലന്‍ അതും വിശ്വസിച്ചു.

"ദൈവം അപ്പോള്‍ എന്ത് ചെയ്യുകയായിരുന്നു?"
"ദൈവം അപ്പോളൊരു പെണ്‍കുട്ടിയെ തലോടുകയായിരുന്നു; ആശീര്‍വദിക്കുകയായിരുന്നു. എന്തെന്നാല്‍ ദൈവത്തിനിഷ്ടം പെണ്‍കുട്ടികളെയാണ്..." ചെറുപ്പക്കാരന്‍ മറുപടി പറഞ്ഞു.

പക്ഷെ, ഇത്തവണ കുട്ടിയത് വിശ്വസിച്ചില്ല.
അവന്റെ മുഖമിരുണ്ടു.
"എന്ത് പറ്റി? " ചെറുപ്പക്കാരന്‍ അന്വേഷിച്ചു.

നിഷ്കളങ്കനായ ബാലന്‍ അവന്റെ ചുറ്റുപാടുമുള്ള ഇന്നത്തെ ലോകത്തെക്കുറിച്ചോര്‍ത്തു. അന്യമാകുന്ന പാദസരങ്ങളുടെ കിലുക്കവും പൊഴിഞ്ഞു വീഴുന്ന കണ്ണുനീര്‍തുള്ളികളും അവനെ ചിന്തിപ്പിച്ചു.

ദീക്ഷയുള്ള ചെറുപ്പക്കാരനും, നിസ്സഹായയായ പെണ്‍കുട്ടിയും, അവളെ സ്നേഹിക്കുന്ന ഈശ്വരനും മെല്ലെ ബാലനൊരു കടംകഥയായി മാറുകയായിരുന്നു....ഉത്തരം കിട്ടാത്ത കടംകഥ....


(പന്ത്രണ്ടു കൊല്ലം മുന്‍പ് 1998-ല്‍ എഴുതിയതാണ് ഈ കഥ . അന്നിത് വായിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇതിലെ ആശയം മനസ്സിലായില്ല. അന്ന് തീരുമാനിച്ചു; ഇനി എഴുതുകയാണെങ്കില്‍ എല്ലാവര്ക്കും മനസ്സിലാകുന്ന രീതിയില്‍ വളരെ സിമ്പിളായി മാത്രമേ എഴുതുകയുള്ളൂ എന്ന്...)