Thursday, July 29, 2010

കര്‍ക്കിടകത്തിലെ ഉണ്ണി

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പഞ്ഞക്കര്‍ക്കിടകത്തില്‍, ഒരു മലയോര ഗ്രാമ പ്രദേശത്തിലെ ഇല്ലായ്മയിലെ വല്ലായ്മയിലേക്കാണ് കിച്ചു പിറന്നു വീണത്‌. ആ കിച്ചുവിന്റെ ആറാം പിറന്നാള്‍ ദിനത്തില്‍ ഉണ്ടായ ഒരു സംഭവം പറയാം.

ഉച്ചയോടടുത്ത സമയം. പച്ചിലക്കാറ്റാടിയും കറക്കി കിച്ചുമോനോടിയെത്തിയത് അല്പം ദൂരെമാറിയുള്ള കൂട്ടുകാരന്‍ രാജുവിന്റെ വീട്ടില്‍.
"എടാ, കിച്ചൂ, നിന്റെ പിറന്നാളല്ലേ ഇന്ന്? വാ നിനക്ക് ഞാനൊരു മുട്ട പുഴുങ്ങിയത് തരാം." രാജുവിന്റെ അമ്മ വിളിക്കുന്നു..

കഴിക്കണോ? കിച്ചു സംശയിച്ചു നിന്നു. മുട്ട അല്ലേലും കിച്ചുവിന് വളരെ ഇഷ്ടമാണ്. വീട്ടില്‍ കോഴിയില്ല; മുട്ടയൊട്ടു മേടിക്കാറുമില്ല. പിറന്നാളായിട്ട് കിച്ചു രാവിലെ കഴിച്ചത് ലേശം പഴംകഞ്ഞിയാണ്. പലഹാരം കിച്ചുവിനെന്തിഷ്ടമാണെന്നോ ? പക്ഷെ എന്ത് ചെയ്യാം വീട്ടിലതൊന്നുമുണ്ടാക്കാറില്ല.

"വാ മോനെ വന്നു കഴിച്ചിട്ട് പോ"
കിച്ചു മെല്ലെ അടുക്കളയില്‍ കയറി നിലത്തു ചമ്രം പടഞ്ഞിരുന്നു. രാജുവിന്ടമ്മ ഒരു ചെറിയ പ്ലേറ്റില്‍ മുട്ടപുഴുങ്ങിയതെടുത്തു അവന്റെ മുന്നില്‍ വച്ചു.
രാജു എത്ര ഭാഗ്യവാനാണ്. അവന്റെ വീട്ടില്‍ കോഴിയുണ്ട്; ആടുണ്ട്‌.അവനെന്നും പാല് കുടിക്കാം; മുട്ട കഴിക്കാം. ഇടയ്ക്ക് അവര്‍ കോഴിയെ കറി വെക്കും. കോയിക്കറീന്റെ നല്ല മണം പറന്പിലൂടൊഴുകി മൂക്കിലെത്തും മുന്നേ കിച്ചൂന്റെ വായില്‍ വെള്ളം വന്നിരിക്കും. പക്ഷെ എന്ത് ചെയ്യാം. അവന്റെ അച്ഛനും അമ്മയും പാവങ്ങളാണ്. അവന് അതറിയാം.

മുട്ടയെടുത്തു ഒന്ന് കടിച്ചതും അലര്‍ച്ച കേട്ടു.
"എടാ കിച്ചൂ.." അമ്മയാണ്.
വേറെവിടെങ്കിലും പോയി എന്തെങ്കിലും കഴിക്കുന്നത്‌ അമ്മക്ക് തീരെ ഇഷ്ടമല്ല. മുട്ട പാത്രത്തിലിട്ട് കിച്ചു ഓടി. പുറകെ അമ്മയും. കമ്യൂണിസ്റ്റ് പച്ചയുടെ കമ്പ് ചുവടോടെ പിഴുതെടുത്ത്‌ അടി കിച്ചുവിന്റെ മേല്‍ വന്നു വീണു.

"തെണ്ടി തിന്നരുതെന്നു നിന്നോട് ഞാന്‍ പലതവണ പറഞ്ഞിട്ടില്ലെടാ..?"
മുറിക്കകത്ത് കയറി ഒളിച്ചിട്ടും അവനു തലങ്ങും വിലങ്ങും അടി കിട്ടി.
അവന്‍ കരഞ്ഞു. പിന്നെ അതൊരു തേങ്ങി കരച്ചിലായി മണിക്കൂറുകള് നീണ്ടു.

കുറെയധികനേരം അവന്‍ കിടന്നു കരഞ്ഞപ്പോള്‍ അവന്റെ അമ്മക്ക് സങ്കടമായി. അവനെ കെട്ടിപ്പിടിച്ചു അവന്റെ നെറ്റിയില്‍ മുത്തം കൊടുത്തു അമ്മ പറഞ്ഞു.
"മോനൂസ് കരയണ്ടാട്ടോ. മോന് ഞാന്‍ കോഴിക്കറി വെച്ച് തരാം..."

കണ്ണ് നീര്‍ വീണു കാഴ്ച മങ്ങിയ കണ്ണുകള്‍ കൊണ്ട് അമ്മയെ നോക്കി ഏങ്ങലടിച്ചു അവന്‍ ചോദിച്ചു.
"എപ്പഴാ വച്ച് തരികാ? "
"മോനൂന്റെ അടുത്ത പിറന്നാളിനാട്ടെ.."
"സത്യായും കൊയിക്കറി വച്ച് തരുമോ..?"
"ഉം.. സത്യായും അമ്മ ഉണ്ടാക്കി തരാം"

കിച്ചുവിന് ആശ്വാസമായി. അവന്റെ കരച്ചില്‍ താനേ നിന്നു. അടുത്ത പിറന്നാളിന് കിട്ടാന്‍ പോകുന്ന കോഴിക്കറിയുടെ രുചി ഇപ്പോഴേ അവന്റെ വായിലെത്തി.

അന്ന് വൈകുന്നേരം വീണ്ടും രാജുവിനെ കണ്ടപ്പോള്‍ കിച്ചു ഒരുപാട് സന്തോഷത്തോടെ പറഞ്ഞു.
"എന്റെ അടുത്ത പിറന്നാളിന് നിങ്ങടെ വീട്ടിലെ പൂവന്‍ കോഴിയെ മേടിച്ചു കറി വെച്ച് തരാമെന്നു എന്റമ്മ എന്നോട് പറഞ്ഞൂല്ലോ.."

അടുത്ത പിറന്നളാവാന് കിച്ചു അക്ഷമയോടെ കാത്തിരിക്കുവാന്‍ തുടങ്ങി.
എത്രയും വേഗം ആ ദിവസം ഒന്ന് വന്നെതിയിരുന്നെങ്കില്‍...
അവന്‍ രാജുവിന്റെ പൂവന്‍ കോഴിയെ നോട്ടമിട്ടു വച്ചിരിക്കുകയാണ്...
അതിനെ കാണുമ്പോഴൊക്കെ അവന്‍ മനസ്സില്‍ പറയും.
"പൂവാ... നോക്കിക്കോ. നീ എന്റെ വയറ്റിലാവാന്‍ പോകുകയാണ്. എന്റെ പിറന്നാളൊന്നു വന്നോട്ടെ..."

അങ്ങനെ മുന്നൂറ്റി അറുപത്തി മൂന്നു ദിവസം കടന്നു പോയി. കിച്ചുവിന്റെ പിറന്നാളിന് ഇനി രണ്ടേ രണ്ടു ദിവസം മാത്രം. അന്ന് രാജുവിനെ ചെന്ന് കണ്ടു കിച്ചു പറഞ്ഞു.
"നിന്റെ കോഴിയെ ഞങ്ങള്‍ മേടിക്കാന്‍ പോവാന്ന് കരുതി നീയ്യ്‌ അതിനെ പട്ടിണിക്കിടല്ല് കേട്ടോടാ രാജു.."
പിറന്നാളിന് തലേദിവസം വീണ്ടും അവന്‍ അമ്മയെ ഓര്‍മ്മിപ്പിച്ചു..
"അമ്മേ കോഴി.."
"അതിനെന്താ? നാളെയല്ലേ പിറന്നാള്. നാളെ വാങ്ങാം.."
അന്ന് രാത്രി അവന്‍ ഒരുപാട് സന്തോഷത്തോടെ കിടന്നുറങ്ങി. പുറത്ത് മഴ തോരാതെ പെയ്യുന്നുണ്ടായിരുന്നു...

പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു രാജുവിന്റെ വീട്ടില്‍ പോയി ആ പൂവന്‍ കോഴിയെ ഒരിക്കല്‍ കൂടി കണ്ടു.."പൂവാ നിന്റെ അവസാനം ഇന്ന്.."

നേരം നന്നായി പുലര്‍ന്നു.
" അമ്മേ എപ്പോഴാ കോഴിയെ മേടിക്കാന്‍ പോകണ്ടേ.?"
"എന്റെ പണിയൊക്കെ ഒന്ന് ഒതുങ്ങട്ടെ കുട്ടാ. നമുക്ക് ഉച്ച കഴിഞ്ഞു പോകാം."
നല്ല കോഴിക്കറീന്റെ ഓര്‍മ്മകളുമായി ഇടയ്ക്കിടെ പെയ്യുന്ന മഴയെ നോക്കി അവന്‍ കാത്തിരുന്നു..

"അമ്മേ...മണി നാലായി നമ്മക്ക് രാജൂന്റെ വീട്ടില്‍ പോയാലോ?"
"അമ്മെ..അമ്മേ.." അമ്മ മറുപടിയൊന്നും പറയുന്നില്ല. അവനു കരച്ചില്‍ വന്നു..
അവനോടൊന്നും മിണ്ടാതെ അമ്മ പറമ്പിലേക്കിറങ്ങി പോയി. അവനും പുറകെ ചെന്നു.
"പോയിരിയടാ അവിടെ..."ഒച്ചയുണ്ടാക്കി അവനെ പേടിപ്പിച്ചിരുത്തി അമ്മ ദൂരെ മാറി ഒരു മരത്തിന്റെ ചോട്ടില്‍ പോയിരുന്നു. അവര്‍ വല്ലാതെ സങ്കടപ്പെടുന്നുണ്ടായിരുന്നു.

ഓരോ തവണയും കിച്ചുവിന്റെ പിറന്നാളോഘോഷിക്കാനായി അവര്‍ കഷ്ടിച്ച് പിടിച്ചു എന്തെങ്കിലുമൊക്കെ കരുതി വെക്കും. പക്ഷെ കര്‍ക്കിടകം തുടങ്ങുമ്പോഴേക്കും അതൊക്കെ തീര്‍ന്നിരിക്കും. ഒന്നുകില്‍ ആര്‍ക്കെങ്കിലും വല്ല വയ്യാഴിക വരികയോ അല്ലെങ്കില്‍ കഞ്ഞിക്കു മാര്‍ഗമില്ലാതെ വരികയോ ചെയ്തിരിക്കും. അതോടെ ആ കാശ് അങ്ങു തീരും. അത് കൊണ്ടിന്നു വരെ അവന്റെ പിറന്നാളിന് ഒരുടുപ്പ് വാങ്ങി കൊടുക്കാനോ അല്ലെങ്കില്‍ ഇഷ്ടപ്പെട്ട ആഹാരം ഉണ്ടാക്കി കൊടുക്കാനോ ആ പാവം അമ്മക്കാവുന്നില്ല...

സന്ധ്യയായി...
അമ്മ തിരിച്ചു വീട്ടിലെത്തി..
കിച്ചു അപ്പോഴും ഏങ്ങിഏങ്ങികരയുകയാണ്. അവര്‍ അവനെ മടിയില്‍ കിടത്തി അവന്റെ മുടിയിഴകളില്‍ തലോടി ആശ്വസിപ്പിച്ചു. അവരുടെ കണ്ണില്‍ നിന്നൊരു തുള്ളി കണ്ണുനീര്‍ അവന്റെ കവിളില്‍ വീണു.
അവന്‍ മുഖമുയര്‍ത്തി നോക്കി.
"നീ എന്തിനാടാ മോനെ കര്‍ക്കിടക മാസത്തിലുണ്ടായത്..???"
ആ അമ്മ കരഞ്ഞു.

കിച്ചുവിന് എല്ലാം മനസ്സിലായി. അവന്‍ കരച്ചില്‍ നിര്‍ത്തി.
എല്ലാം അവന്റെ കുറ്റമാണ്.
അവന്‍ കര്ക്കിടകത്തിലുണ്ടായവനാണ്.
പിറക്കാന്‍ പാടില്ലാത്ത സമയത്ത് പിറന്നവനാണ്.

കിച്ചു വളര്‍ന്നു..
പിന്നൊരിക്കലും ഒന്നുമവന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. കാരണം അവനറിയാം അവന്‍ കര്‍ക്കിടകത്തിലെ ഉണ്ണിയാണെന്ന്..
അധികപ്പറ്റായവന്‍...

കാലമേറെയായിട്ടും ഇന്നും എന്ത് ചെയ്യുവാനൊരുങ്ങുമ്പോഴും ഒരു പിന്‍ വിളിയായി ആ ചോദ്യം വീണ്ടും വീണ്ടും അവന്റെ കാതുകളില്‍ വന്നലക്കുന്നു..
"നീ എന്തിനാടാ മോനെ കര്‍ക്കിടക മാസത്തിലുണ്ടായത്..???"

24 comments:

 1. വര്‍ഷങ്ങള്‍ക്കു ശേഷം ആഘോഷങ്ങളൊന്നുമില്ലാതെ കടന്നു പോയ തന്റെ മറ്റൊരു പിറന്നാള്‍ ദിനത്തില്‍ എന്നോടീ കഥ പറഞ്ഞ പ്രിയ സുഹൃത്തിനു നന്ദി.

  എന്നുമെന്‍ ആഘോഷങ്ങളില്‍
  ആയിരങ്ങള്‍ ബാറില്‍ ഒഴുക്കീടവേ
  അറിയുന്നില്ലല്ലോ ഞാന്‍
  ഉണ്ണികള്‍ ഒരുപാടുണ്ട് ഊരില്‍
  ഒട്ടിയ വയറുമായി...

  ReplyDelete
 2. കര്‍ക്കിടക മാസം അല്ലെങ്കിലും കഷ്ടപ്പാടിന്റെ മാസമാണ്‌. തോരാത്ത മഴയും പട്ടിണിയും. വായിച്ചു തീര്‍‌ന്നപ്പോള്‍ മനസ്സു വേദനിക്കുന്നു..കിച്ചുവിന്റെ കുഞ്ഞു മുഖം മനസ്സില്‍ നിന്നും മായുന്നില്ല..

  ReplyDelete
 3. പഞ്ഞ കര്‍ക്കിടകം

  ReplyDelete
 4. തോരാത്ത മഴ

  ReplyDelete
 5. കര്‍ക്കിടകത്തിലെ പഞ്ഞമാണ് കഥയില്‍ പറഞ്ഞതെങ്കിലും ജീവിക്കാന്‍ പാട് പെടുന്ന ഒരു കുടുംബത്തിന്റെ ദൈന്യത വളരെ ഭംഗിയായി അവതരിപ്പിച്ചു.
  ആദ്യം മുതല്‍ നൊമ്പരത്തിന്റെ ആവരണം പൊതിഞ്ഞു പറഞ്ഞ രീതി ഇഷ്ടായി.
  ആശംസകള്‍.

  ReplyDelete
 6. കര്‍ക്കിടക മാസം കിച്ചുവിനോട് ചെയ്ത ചതിയെക്കള്‍ ഉപരി... കുട്ടികള്‍ പലപ്പോഴും നിസ്സാരമായി മുതിര്‍ന്നവര്‍ പറയുന്ന കാര്യങ്ങള്‍ ഓര്‍ത്തു സ്വപ്നം കാണുന്നതും ഒടുവില്‍ അത് തകരുമ്പോള്‍ വല്ലാതെ വിഷമിക്കനുതും ഒക്കെ നന്നായി പറഞ്ഞിരിക്കുന്നു..

  ReplyDelete
 7. കര്‍ക്കിടകം.ഓര്‍മ്മകള്‍ കുത്തിയൊലിച്ചു വരുന്ന മാസം.

  മനസ്സ് വല്ലാതെ പിടയുന്ന മാസം.എന്തൊക്കെ വിഷമങ്ങള്‍.

  എല്ലാം തിരുശേഷിപ്പുകള്‍.

  നന്നായിട്ടുണ്ട്.

  ആശംസകള്‍.

  ReplyDelete
 8. നന്നായിട്ടുണ്ട്.

  ReplyDelete
 9. ഇഷ്ടായി.
  ആശംസകള്‍.

  ReplyDelete
 10. ഈ commitment ഞാന്‍ അംഗീകരിക്കുന്നു. കഥയെഴുത്ത്തില്‍ നുതനങ്ങളായ പല പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. അവയൊന്നും കാണാതെ പോകരുത്.

  ReplyDelete
 11. ഉണ്ണികള്‍ ഒരുപാടുണ്ട് ഊരില്‍
  ഒട്ടിയ വയറുമായി...

  :(

  ReplyDelete
 12. നന്നായിരിക്കുന്നു

  ReplyDelete
 13. പഞ്ഞം,ദുരിതം-നല്ലൊരു മനസ്സ് കാണാമിതിൽ.

  ReplyDelete
 14. പാവം കുട്ടി-നല്ല കഥ.

  ReplyDelete
 15. നന്നായിട്ടുണ്ട്

  ReplyDelete
 16. കഥയില്‍ ചോദ്യം ഇല്ല . എങ്കിലും ചോദിക്കുവാ കിച്ചുവിന്റെ അച്ഛന്‍ ?

  ReplyDelete
 17. ജീവിക്കാൻ പാടുപെടുന്നവരുടെ നൊമ്പരങ്ങൾ അല്ലേ...

  ReplyDelete
 18. നല്ല ഒരു കഥ.നന്നായി എഴുതി.

  ReplyDelete
 19. പ്രിയ സുഹൃത്തുക്കളെ മറുപടി പറയാന്‍ വരാന്‍ ഇത്തിരി വൈകി..ക്ഷെമിക്കുക..

  @വായാടി ആദ്യ കമന്റിനു നന്ദി...!
  @ഒഴാക്കാന്‍, ജീ.കെ വളരെ നന്ദി..
  @റാംജി ഒരുപാടോരുപാട് നന്ദി..!
  @കണ്ണനുണ്ണി ഒരായിരം നന്ദി..!
  @നിര്ഭാഗ്യവതി, ഇവിടെ വന്നതിനു നന്ദി..

  @naushu, jishad പ്രോത്സാഹനങ്ങള്‍ക്ക് വീണ്ടും നന്ദി പറയുന്നു..
  @ഭാനു, അത്മാര്ത്ഥത നിറഞ്ഞ പിന്തുണയ്ക്ക്‌ നന്ദി.
  @kumaran, thommy ഒത്തിരി നന്ദി.
  @ശ്രീനാഥന്‍ അഭിപ്രായത്തിനു നന്ദി.
  @വശംവദന്‍, ജ്യോ, ഭൂതത്താന്‍ വന്നതിനും വായിച്ചതിനും നന്ദി

  @anwarkochee, കിച്ചുവിന് അച്ഛനും ബന്ധുക്കാരും ഒക്കെ ഉണ്ട്.. മിക്കവാറും കൊച്ചു കുട്ടികള്‍ക്കൊക്കെ അമ്മയോടായിരിക്കും അടുപ്പക്കൂടുതല്‍. അച്ഛനോട് ഭയമായിരിക്കും. എന്തും ഇതും അമ്മയോടായിരിക്കും പറയുക, ആവശ്യപ്പെടുക. അതുകൊണ്ടാണ് കഥയിങ്ങനെ പറഞ്ഞത്.

  @മഴ, മഴതുള്ളികളോളം നന്ദി..
  @BILATTHIPATTANAM, ഒത്തിരി നന്ദി!
  @rainbow, ഒരുപാടൊരുപാട് നന്ദി.
  @പ്രദീപ്‌, വളരെ നന്ദി.

  എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

  ReplyDelete
 20. കിച്ചുവിന്റെ നിഷ്കളങ്ക മുഖം മനസ്സില്‍ തങ്ങി നില്‍ക്കുന്നു

  ReplyDelete
 21. മഹേഷ്‌,
  സുഖമാണോ?
  എത്ര കാലായി ഇവിടെ ഒരു പോസ്റ്റ്‌ കണ്ടിട്ട് .
  വളരെ സന്തോഷം തോന്നി കേട്ടോ.
  നല്ല പോസ്റ്റ്‌..
  സ്ഥിരം എഴുത്തില്‍ നിന്നും ഒരു വ്യത്യസ്തത.
  അത് നന്നായി.

  എന്‍റെ ദിവസങ്ങള്‍ ഇങ്ങനെ പോണു മഹേഷ്‌..................
  പറയാന്‍ മാത്രം വിശേഷങ്ങള്‍ ഒന്നും ഇല്ല തന്നെ.
  ഇടക്കെപ്പോഴൊക്കെയോ കണ്ടു ഞാന്‍ ചില പക്ഷികളുടെ ഫോട്ടോകള്‍...
  ഇപ്പൊ ഫേസ് ബുക്കില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യല്‍ ആണോ പുതിയ വിനോദം?

  മഴയുണ്ടോ അവിടെ അങ്ങ് ബാംഗ്ലൂരില്‍.?
  ആ കന്യാസ്ത്രീ എന്ത് പറയുന്നുവോ ആവോലെ.....
  ഞാന്‍ ഇടയ്ക്കു അവരെ ഓര്‍ക്കാറുണ്ട്.
  അവരെ എഴുതിയ താങ്കളെയും.

  ReplyDelete