Sunday, July 18, 2010

വൃദ്ധന്‍, ഭ്രാന്തന്‍

ഉച്ചയോടടുത്ത സമയം വൃദ്ധന്‍ ഉമ്മറത്തെ ചാരുകസേരയില്‍ കിടന്നു വിശ്രെമിക്കുവാന്‍ ആരംഭിച്ചു. ഉച്ചയൂണ് കഴിക്കുവാന്‍ വിശപ്പ് അധികമായിട്ടില്ല. രാവിലത്തെ ജോലികളേറെക്കുറെ കഴിഞ്ഞിരിക്കുന്നു. കുറച്ചു മുന്പ്, മുറ്റത്തും മതിലിലും അധികപ്രസഗംമായി തല നീട്ടിയ പുല്‍നാമ്പുകളെയും പായലിനെയും പിഴുതെറിഞ്ഞു കൊണ്ടിരുന്നപ്പോള്‍ താനും അവറ്റകളെപ്പോലെ തന്നെയല്ലേയെന്ന് അയാള്‍ക്ക്‌ തോന്നതിരുന്നില്ല. ദാനം കിട്ടിയ ജന്മത്തില്‍ കഴുമരത്തിന്റെ ദയക്കായി കാത്തിരിക്കുന്ന ഒരു ആത്മാവ്.

ഭാര്യയുടെ മരണവും നഗരത്തിന്റെ ഇടുങ്ങിയ ചുവരുകളിലേക്കുള്ള പറിച്ചു നടീലും തൊട്ടതിനും പിടിച്ചതിനുമെല്ലാം ശകാരവര്‍ഷം ചൊരിയുന്ന മരുമകളുടെ സ്വഭാവവും ശരീരത്തിന്റെ വല്ലായ്മകളെക്കാളുപരിയായി വൃദ്ധന്റെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു...

ടെലിവിഷന്‍ കാണുകയോ പാട്ടു കേള്‍ക്കുകയോ അയാള്‍ ചെയ്യാറില്ല; താത്പര്യം തോന്നിയിട്ടില്ല. ദിവസവും രാവിലെ പത്രം വായിക്കും. കൊച്ചുമക്കളൊക്കെ ബോര്‍ഡിങ്ങില്‍ നിന്നു പഠിക്കുന്നതിനാല്‍ അവരും ചിന്തകളില്‍ മാത്രമേ മിക്കവാറും വരാറുള്ളൂ.. ഓണത്തിനും ക്രിസ്മസ്സിനും അവധിക്കു വീട്ടില്‍ വരുന്ന നിഷ്കളങ്കരായ ആ കുരുന്നുകളെ കാണുന്നത് മാത്രമാണ് കിഴവന്റെ ഏറ്റവും വലിയ ആനന്ദം. അവര്‍ പറയുന്ന ഇംഗ്ളീഷ് വാക്കുകള്‍ മനസ്സിലാക്കാനാവാതെ സങ്കടം വന്നിരിക്കുമ്പോഴും പുറമെ അയാള്‍ ചിരിക്കും. ഓണത്തിനും ക്രിസ്മസ്സിനും കൊച്ചുമക്കളെ കാണുമ്പോള്‍ മാത്രം വിരിയുന്ന ചിരിയുടെ ഒരു മൊട്ട്. അവരില്ലെങ്കില്‍ എല്ലാ ദിവസവും ഒരു പോലെ..

ചിലപ്പോഴയാള്‍ ചാരുകസേരയില്‍ കിടന്ന്, ചിലമ്പുന്ന കാക്കകളെയും കിളികളെയും നിരീക്ഷിച്ചു കൊണ്ടിരിക്കും. ചിലപ്പോള്‍ ഇടക്കിടെ മതിലിലും മുറ്റത്തും പ്രത്യക്ഷപ്പെടുന്ന അപ്പുറത്തെ വീട്ടിലെ ചക്കിപ്പൂച്ചയെ നോക്കിക്കൊണ്ടിരിക്കും. അതുമല്ലെങ്കില്‍ അതിലെയും ഇതിലെയും പറന്ന് കളിക്കുന്ന പൂമ്പാറ്റകളെ നോക്കി സമയം കളയും.

ആരെയോ ശാസിക്കുന്ന മരുമകളുടെ ഉറക്കെയുള്ള ശബ്ദം കേട്ടാണ്‌ വൃദ്ധന്‍ തന്റെ ചെറുമയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. ഭാഗ്യം തന്നോടല്ല, വേലക്കാരിയോടാണ്. പാതി തുറന്നിട്ട ഗേറ്റില്‍ ചാരി ആരോ നില്ക്കുന്നതുപോലെ തോന്നി. സന്തതസഹചാരിയായ ആ പഴയ, വലിയ കണ്ണട എടുത്തു മൂക്കിനു മുകളില്‍ വെച്ച് കിഴവന്‍ സൂക്ഷിച്ചു നോക്കി...
ഭ്രാന്തന്‍... ഒരു ഭ്രാന്തന്‍
മുഷിഞ്ഞ പാന്‍റും ഷര്‍ട്ടും വേഷം. നീണ്ടു വളര്‍ന്ന് ജടപിടിച്ച തലമുടി. ഒരു കയ്യിലൊരു വൃത്തികെട്ട സഞ്ചി കാണാം. മറ്റേ കൈ പിറകില്‍ കെട്ടി തലകുനിച്ചു അനങ്ങാതെ ഭ്രാന്തന്‍ തന്റെ നില്‍പ്പ് തുടര്‍ന്നു. വൃദ്ധന്റെ കണ്ണുകള്‍ അയാളില്‍ തന്നെ തറച്ചു നിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ദയ തോന്നിയ കിഴവന്‍ ഭ്രാന്തന്റെ അടുത്തേക്ക് നീങ്ങി.

"വല്ലതും കഴിച്ചോ..?"
മറുപടി പറയുകയോ തല ഉയര്‍ത്തി ഒന്നു നോക്കുകയോ ഉണ്ടായില്ല.
"വിശക്കുന്നെങ്കില്‍ കഴിക്കാന്‍ എന്തെങ്കിലും കൊണ്ടു വരട്ടെ...? "

ഭ്രാന്തന്‍ എന്തോ ഒരു ശബ്ദം പുറപ്പെടുവിച്ചു. അതൊരു സമ്മതം മൂളലാണെന്നു അയാള്‍ക്ക്‌ മനസ്സിലായി. ഉമ്മറത്തെ കതക് അടച്ചു കുറ്റിയിട്ട് വൃദ്ധന്‍ അടുക്കളയിലേക്കു നടന്നു...

"മോളെ, തലയ്ക്കു സ്ഥിരതയില്ലാത്തൊരാള്‍ പുറത്തു വന്നു നില്ക്കുന്നു. പാവം ഒന്നും കഴിച്ചിട്ടില്ലെന്നു തോന്നുന്നു... ആഹാരം വല്ലതും ഉണ്ടെങ്കില്‍... പഴേനോ മറ്റോ ആയാലും മതി..."
മരുമകള്‍ തലയുയര്‍ത്തി നോക്കി.

"ഇവിടൊന്നും ഇല്ലാ.. അപ്പന്‍ ഒന്നു പോയെ.. വേറെ പണി നോക്ക്. കണ്ട തെണ്ടികളെയൊക്കെ വിളിച്ചു വീട്ടില്‍ കയറ്റിക്കൊള്ളും."
ഭാഗ്യം ഭ്രാന്തന്മാര്‍ക്ക് ഇതൊന്നും കേട്ടാല്‍ മനസ്സിലാവില്ലല്ലോ..പിച്ചക്കാരാണേല്‍ പോലും അന്തസ്സുള്ളവര്‍ ഇവള്‍ കൊടുക്കുന്നത് കഴിക്കുമോ..?

"മോളെ, ഞാന്‍ ഒന്നും കഴിക്കുന്നില്ല, പകരം എനിക്കുള്ളത് ആ പാവത്തിന് കൊടുത്തു കൂടെ..?"
മരുമകളുടെ രൂക്ഷമായ നോട്ടം താങ്ങാനാവാതെ കിഴവന്‍ തലകുനിച്ചു.
വേലക്കാരിയോടായി മരുമകള്‍ പറഞ്ഞു.
"എടുത്തു വല്ലോം കൊടുക്ക്‌.. അതെങ്ങിനാ ഓരോ കോളും ഒപ്പിച്ചോണ്ട് വന്നെക്കുവല്ലേ...വല്ല പ്ലാസ്റ്റിക് കൂടിന്റെ പുറത്തു ഇട്ടു കൊടുത്താ മതി. പാത്രം വൃത്തികേടാക്കല്ല്. "

ഒരു പ്ലാസ്റ്റിക് കവര്‍ നിവര്‍ത്തിയിട്ടു അതില്‍ കുറെ ചോറും ഒരു തോരനും എടുത്ത് വേലക്കാരി അയാളുടെ കയ്യില്‍ കൊടുത്തു. മറ്റൊരു ചെറിയ കവറില്‍ അല്പം പച്ചമോരും. എന്തോ കാര്യം സാദിച്ച ഭാവത്തോടെ കിഴവന്‍ അതുമായി ഉമ്മറത്തെത്തി.

കാര്‍ പാര്‍ക്കിംഗ് ഏരിയയിലെ തറയില്‍ കഴിക്കാന്‍ തയ്യാറായി ഭ്രാന്തന്‍ നേരത്തെ തന്നെ ചമ്രം പടഞ്ഞിരുന്നു കഴിഞ്ഞിരുന്നു. അയാളുടെ മുഖം അപ്പോഴും കുനിഞ്ഞു തന്നെ. പെട്ടന്നാണ് അക്കാര്യം വൃദ്ധന്റെ ശ്രദ്ധയില്‍ പെട്ടത്. അയാളുടെ മുന്നില്‍ ആഹാരം കഴിക്കാനുള്ള രണ്ടു പാത്രങ്ങള്‍; അതിമനോഹരമായ കലാവിരുതോടെ ഇലയില്‍ തീര്‍ത്ത രൂപഭംഗിയുള്ള രണ്ടു പാത്രങ്ങള്‍. ആഞ്ഞിലി ഇലകളില്‍ ഈര്‍ക്കിലി കുത്തി നെയ്തെടുത്തിരിക്കുന്ന ചോറെടുക്കുവാനുള്ള പാത്രം. അതുപോലെ, വാഴയിലയില്‍ തീര്‍ത്തിരിക്കുന്ന കോപ്പ പോലിരിക്കുന്ന ചാറുകറിയെടുക്കുവാനുള്ള മറ്റൊരു പാത്രം.

ഒരു ഞെട്ടലോടെ, അദ്ഭുതത്തോടെ, വൃദ്ധന്‍ ആ പാത്രങ്ങളിലേക്ക് ആഹാരം പകര്‍ന്നു. ആവേശത്തോടെയുള്ള ഭ്രാന്തന്റെ ചോറൂണ് നോക്കി അയാളിരുന്നു. ആ പാത്രങ്ങളില്‍ നിന്ന് അല്പം പോലും മോര് ഒഴുകിഒലിച്ചു പോയിട്ടില്ലെന്നത് കിഴവന്‍ ആശ്ചര്യത്തോടെ നിരീക്ഷിച്ചു.

നീ......നീയെങ്ങനെ ഭ്രാന്തനായി..? അല്ലെങ്കില്‍ നിന്നെ എങ്ങനെ ഭ്രാന്തന്‍ എന്ന് വിളിക്കാനാകും..? എല്ലാ ഭ്രാന്തന്മാരും ഏതെങ്കിലുമൊരു കാര്യത്തില്‍ സര്‍ഗാത്മകത തുളുമ്പി നില്ക്കുന്ന കലകാരന്‍മാരാണെന്നു അയാള്‍ക്ക്‌ തോന്നി.

ഒരു പറ്റു പോലും അവശേഷിപ്പിക്കാതെ ഭ്രാന്തന്‍ ചോറുണ്ട് കഴിഞ്ഞിരുന്നു. വൃദ്ധന്‍ ഒരു കപ്പില്‍ ഇത്തിരി വെള്ളം കൊണ്ടു വന്നു വാഴയിലക്കോപ്പയില്‍ ഒഴിച്ച് കൊടുത്തു. ദാഹിക്കുന്നുവെന്കില്‍ കുടിക്കട്ടെ എന്ന് കരുതിയാണങ്ങനെ ചെയ്തത്. പക്ഷെ കോപ്പയിലെ വെള്ളത്തില്‍ മുക്കി കൈ കഴുകി ഭ്രാന്തന്‍ പുറത്തേക്ക് നടന്നു...

അയാളുപെക്ഷിച്ചു പോയ എച്ചില്‍ പാത്രം എടുത്തു കളഞ്ഞ്, ഗേറ്റുമടച്ച് വൃദ്ധന്‍ തിരിച്ചു വന്നു. അകത്തു പോയി അല്പം തണുത്ത വെള്ളമെടുത്ത് കുടിച്ചു. വീണ്ടും ഉമ്മറത്തെത്തി. ഒരു സംതൃപ്തിയോടെ നെടുവീര്‍പ്പോടെ കിഴവന്‍ ചാരുകസേരയിലേക്ക് മടങ്ങി.

11 comments:

  1. അഗ്രിഗേറ്ററിലും മറ്റും ലിസ്റ്റ് ചെയ്യുന്നതിന് മുന്‍പ്, എന്റെ ilacharthukal എന്ന ബ്ലോഗില്‍ ഒന്ന് പോസ്റ്റിയതാണ്.. എങ്കിലും ഒരിക്കല്‍ കൂടി ഇടുന്നു..

    ReplyDelete
  2. നീ......നീയെങ്ങനെ ഭ്രാന്തനായി..? നന്നായിട്ടുണ്ട്... ആശംസകള്‍...

    ReplyDelete
  3. നന്നായി എഴുതി

    ReplyDelete
  4. വൃദ്ധന്‍ കിഴവന്‍ എന്ന പ്രയോഗങ്ങളില്‍ കണ്ഫ്യൂഷന്‍ വരുന്നുണ്ട്.
    കൊള്ളാം.
    ആശംസകള്‍...

    ReplyDelete
  5. നന്നായിട്ടുണ്ട്. എല്ലാം നേരില്‍ കണ്ടതുപോലൊരു പ്രതീതി.

    ReplyDelete
  6. കൊള്ളാം കഥ
    ഗേറ്റില്‍ ചാരി നില്‍ക്കുന്ന കിഴവനെ ആദ്യത്തെ കാഴ്ചയില്‍ തന്നെ ഭ്രാന്തനാക്കാന്‍ പാടില്ലായിരുന്നു.
    നന്ദിയോടെ...

    ReplyDelete
  7. കൊള്ളാം നല്ല കഥ ആശംസകള്‍

    ReplyDelete
  8. കഥ നന്നായിരിക്കുന്നു.. ജീവിതത്തില്‍ നടക്കാന്‍ സാധ്യതയുള്ള ഒരു വിഷയം..
    എനിക്ക് തോന്നുന്നത് ഇന്നത്തെ തലമുറയെക്കാള്‍ സഹാനുഭൂതി മുന്‍പുള്ള തലമുറകള്‍ ക്ക് ഉണ്ടായിരുന്നു എന്നാണ്..

    ഇനിയും എഴുതുക.. ആശംസകള്‍

    ReplyDelete
  9. എനിക്ക് ഭ്രാന്തായി ! മഹി നിങ്ങളുടെ കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടമായത് ഈ കഥയാണ് . ആ വൃദ്ധന്‍ , ഭ്രാന്തന്‍ എന്ന് നമ്മള്‍ വിളിക്കുന്ന ആ മനുഷ്യന്‍ , മരുമകള്‍ എല്ലാം ജീവിതത്തില്‍ നിന്ന് ഇറങ്ങി വന്നവരെ പോലെ . ഇത്രയും ജീവിത ഗന്ധിയായ ഒരു കഥ . എനിക്ക് ഭ്രാന്തായി!.കഥാകാര

    ReplyDelete